കോഴിക്കോട് : സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാനുള്ള നീക്കങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഈ ഇടപാടില്‍ തുല്യ പങ്കാണുള്ളതെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. ഭൂ മാഫിയയുടെ ഏജന്റ് ആയ മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്ന് രാജി വാങ്ങി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുന്‍ സംഭവങ്ങളെ പോലെ ഉദ്യോഗസ്ഥരെ പഴിച്ച് മന്ത്രിയേയും നേതാക്കളെയും സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇത്തരം നീക്കങ്ങളെ പൊതുജനം തിരിച്ചറിയണമെന്ന് ഫിറോസ് തുടര്‍ന്നു. അഴിമതിയുടെയും അക്രമത്തിന്റെയും കാര്യത്തില്‍ നല്ല പിള്ള ചമയുന്ന സി.പി.ഐയുടെ പൊയ്മുഖമാണ് ഇപ്പോള്‍ വ്യക്തമായത്. എല്ലാം ശരിയാക്കലില്‍ സി.പി.ഐയും സി.പി.എമ്മിനൊപ്പമെത്താനുള്ള ശ്രമത്തിലാണെന്ന് ഫിറോസ് കൂട്ടിച്ചേര്‍ത്തു.