സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്.രാജേന്ദ്രന് മൂന്നാറിലുള്ളത് കയ്യേറ്റഭൂമിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍ നില്‍ക്കുന്നതിനിടെയാണ് എസ്. രാജേന്ദ്രന്റെ ഭൂമി സംബന്ധിച്ച് ആധികാരിക രേഖ പുറത്തുവന്നിരിക്കുന്നത്.
മൂന്നാറിലെ ഇക്കാനഗറില്‍ രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായും നിയമസഭയില്‍ പി.സി. ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ റവന്യൂമന്ത്രി വ്യക്തമാക്കി. എം.എല്‍.എയുടെ പേര് പി.സി ജോര്‍ജിന്റെ ചോദ്യത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മന്ത്രി നല്‍കിയ ഉത്തരത്തില്‍ ‘എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ പേരിലുള്ള ഭൂമി’ എന്നാണ് റവന്യൂമന്ത്രി രേഖപ്പെടുത്തിയത്.
നാലു ചോദ്യങ്ങളാണ് മൂന്നാറിലെ വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് റവന്യൂമന്ത്രിയോട് ചോദിച്ചത്. മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ എന്ന ആരോപണമുയര്‍ന്ന കേസുകളില്‍ വിട്ടുവീഴ്ച ഇല്ലാതെ പരിശോധന നടത്തി വ്യാജ പട്ടയങ്ങള്‍ കണ്ടുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് റവന്യൂ, വിജിലന്‍സ് ആന്‍ഡ് ആന്റി–കറപ്ഷന്‍ ബ്യൂറോ, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകള്‍ മുഖേന അന്വേഷണം നടന്നുവരുന്നതായും വ്യാജമെന്ന് കണ്ടെത്തിയ പട്ടയങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.
വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല റവന്യൂ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ച് സത്യന്ധമായ അന്വേഷണം നടത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് റവന്യൂ,–പൊലീസ്, സര്‍വേ സംയുക്ത ടീമിനെ നിയോഗിച്ച് വന്‍കിട തോട്ടം ഉള്‍പെടെ കയ്യേറിയത് കണ്ടുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൂന്നാമത്തെ ചോദ്യമായാണ് മൂന്നാറില്‍ ഒരു എം.എല്‍.എയുടെ വീട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ, വിശദമാക്കാമോ എന്നും ഇതിനെതിരെ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചത്.
”മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി (ക്രൈംബ്രാഞ്ച്, സി.ഐ.ഡി) സംഘം, എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ രാജേന്ദ്രന്റെ പട്ടയരേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പര്‍ തിരുത്തിക്കിട്ടണമെന്ന അപേക്ഷ തള്ളിയതാണ്. ഇതിനെതിരെ ലാന്റ് റവന്യൂ കമ്മിഷണര്‍ മുമ്പാകെ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റിഷന്‍ മേല്‍വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ നിരസിച്ചിട്ടുള്ളതാണ്” എന്നാണ് റവന്യൂമന്ത്രി മറുപടി നല്‍കിയത്.
രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും റവന്യൂമന്ത്രിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാദം. ഭൂമിക്ക് പട്ടയവും രേഖകളുമുണ്ടെന്ന് എം.എല്‍.എയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും നല്ല പട്ടയവും ചീത്ത പട്ടയവും തിരിച്ചറിയാന്‍ സാധിക്കണമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. ആരെങ്കിലും എഴുതികൊടുക്കുന്നത് വായിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരെകൊണ്ട് ജോലി ചെയ്യിപ്പിക്കണം. ഉദ്യോഗസ്ഥര്‍ പറയുന്ന കള്ളം ആവര്‍ത്തിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഫയലുകള്‍ എവിടെയാണെന്നു മന്ത്രിയുടെ വകുപ്പ് കണ്ടെത്തണം. ഭൂമി സ്വന്തമെന്നു കാണിക്കുന്ന എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു.