ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവിക്കുന്ന ഓര്‍മയായി മാറിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയായ ഒരു പത്തൊമ്പതുകാരനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് പകരം ചോദിച്ചത്. ഉധംസിങ് എന്നായിരുന്നു ആ പോരാളിയുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മിന്നുന്ന നക്ഷത്രമാണ് ഉധം സിങ്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ പഞ്ചാബിലെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന മൈക്കിള്‍ ഒ ഡ്വയറിനെ ഇംഗ്ലണ്ടില്‍വെച്ച് വെടിവെച്ചുകൊന്ന് സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വീര്യം പകര്‍ന്ന യുവവിപ്ലവകാരി.
1899 ഡിസംബര്‍ 16ന് പഞ്ചാബിലെ സംഗ്രൂരില്‍ ജനിച്ച ഉധംസിങ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷി ആയിരുന്നു. 21 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ഡ്വയറിനെ കൊലപ്പെടുത്തി പ്രതികാരം തീര്‍ത്തത്. ഡ്വയറിന്റെ കൊലപാതകത്തിനപ്പുറം ബ്രിട്ടീഷുകാരെ പിടിച്ചുകുലുക്കിയത് ഉധംസിങ് പ്രതികാരം ചെയ്യുമ്പോള്‍ സ്വീകരിച്ച പേരായിരുന്നു. ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങളേയും സ്വാതന്ത്ര്യത്തെയും പ്രതിനിധാനം ചെയ്ത റാം മുഹമ്മദ് സിങ് ആസാദ് എന്നായിരുന്നു ആ പേര്. ‘വിഭജിച്ച് ഭരിക്കുക’ എന്ന തന്ത്രത്തിലൂടെ ഒരു രാജ്യത്തെ രണ്ട് നൂറ്റാണ്ടിലധികം തങ്ങളുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്ന ബ്രിട്ടീഷുകാരെ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിക്കുകയായിരുന്നു ഉധംസിങ്.
മതേതരത്വത്തിന്റെ പ്രതീകമായ ആ പേര് ഇല്ലാതാക്കുകയെന്നത് ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യമായി മാറി. 1940 മാര്‍ച്ച് 13ന് ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ മൈക്കല്‍ ഒ ഡ്വയര്‍ ഒരു പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ ഉധം അവസരത്തിനായി കാത്തിരുന്നു. പുസ്തകത്തിനുള്ളില്‍ പിസ്റ്റള്‍ ആകൃതി ഉണ്ടാക്കി അതിനകത്ത് തോക്ക് ഒളിപ്പിച്ച് ഉധംസിങ് ഹാളിലെത്തി, അവസാന നിരയില്‍ ഇരുന്നു. ഡ്വയര്‍ അഭിസംബോധന ചെയ്യുന്ന സമയമാകാറായപ്പോള്‍ പിന്‍സീറ്റില്‍നിന്നും പതിയെ മുന്‍ നിരയിലേക്ക് എത്തി. ഡ്വയര്‍ സ്റ്റേജിലേക്ക് നടക്കുന്നതിനിടെ മുന്‍നിരയില്‍ ഇരുന്നിരുന്ന ഉധം പോയിന്റ് ബ്ലാങ്കില്‍ ഡ്വയറിനെ രണ്ടുതവണ വെടിവച്ചു. ഡ്വയര്‍ കാക്സ്റ്റണ്‍ ഹാളില്‍ മരിച്ചുവീണു. ഉധം സിങിനെ അറസ്റ്റുചെയ്ത ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ ബ്രിക്സ്റ്റണ്‍ ജയിലിലടച്ചു. കൊലപാതകത്തിനുള്ള ഉദ്ദേശ്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, 20 വര്‍ഷം കാത്തിരുന്ന പ്രതികാര കഥയാണ് ഉധം പങ്കുവച്ചത്. ഡ്വയര്‍ കൊല്ലപ്പെടാന്‍ അര്‍ഹനാണെന്നും ഉധം പറഞ്ഞു.
’21 വര്‍ഷമായി ഞാന്‍ പ്രതികാരം ചെയ്യുകയായിരുന്നു. എന്റെ ജോലി പൂര്‍ത്തീകരിച്ചതില്‍ സന്തോഷമുണ്ട്’-അദ്ദേഹം പറഞ്ഞു. 1940 ജൂലായ് 31ന് പെന്റണ്‍വില്ല ജയിലില്‍ വെച്ച് ഉധംസിങിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. 1974ലാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിയത്.