അതെ നിങ്ങൾ വായിച്ചത് ശരിതന്നെയാണ് പുനരുപയോഗിക്കാവുന്ന കുപ്പികളിൽ ശരാശരി ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുമെന്നു തന്നെയാണ് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള waterfilterguru.com-ലെ ഒരു സംഘം ഗവേഷകർ വെള്ളക്കുപ്പികളുടെ വിവിധ ഭാഗങ്ങൾ എടുത്തു നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലെന്ന് huffpost ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൃത്തിയില്ലാത്ത കുടിവെള്ളക്കുപ്പികളിൽ പ്രധാനമായും രണ്ട് തരം ബാക്ടീരിയകൾ ഉണ്ടെന്ന് കണ്ടെത്തി.ഗ്രാം നെഗറ്റീവ് , ബാസിലസ് എന്നിവയാണ് അവ. ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ കൂടുതൽ പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെങ്കിലും, ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിച്ചു.
കുപ്പികളിലെ വൃത്തിയെ വീട്ടുപകരണങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോൾ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കൾ അവയിലുണ്ടെന്നും കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി ബാക്ടീരിയകളും വളർത്തുമൃഗങ്ങൾ കുടിക്കുന്ന പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും കണ്ടെത്തി.
നിങ്ങളെ രോഗികളാക്കുന്നതിൽ നിങ്ങളുടെ കുടിവെള്ളക്കുപ്പിക്ക് വലിയ പങ്കാണ് ഉള്ളതെന്നാണ് ഗവേഷകർ പറയുന്നത്. നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം.ദിവസത്തിൽ ഒരിക്കൽ ചൂടുവെള്ളം ഉപയോഗിച്ച് നിങ്ങളുടെ വാട്ടർ ബോട്ടിൽ കഴുകാനും ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനുമാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.