X

ഹാജിമാരുടെ മടക്കയാത്ര 15 മുതല്‍

നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന് യാത്രയായ തീര്‍ഥാടകര്‍ ഈ മാസം 15 മുതല്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി തുടങ്ങും. ഓഗസ്റ്റ് ഒന്ന് വരെ 21 വിമാനങ്ങളാണ് ഹാജിമാരുടെ മടക്കയാത്രയ്ക്കായി സഊദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മടങ്ങിയെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍, സിയാല്‍ അധികൃതര്‍, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 7727 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായത്. ഇതില്‍ കേരളത്തില്‍ നിന്നും 5766 പേരാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട് : 1672 ലക്ഷദ്വീപ് : 143 പോണ്ടിച്ചേരി: 43 ആന്‍ഡമാന്‍: 103 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും യാത്രയായ തീര്‍ഥാടകര്‍. മദീന വിമാനത്താവളം വഴി പുണ്യഭൂമിയിലെത്തിയ സംഘം ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. 15 ന് രാത്രി 10.45 നാണ് കേരളത്തില്‍ നിന്നുള്ള 377 ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തുക. ഹാജിമാര്‍ക്കുള്ള സംസം വെള്ളം വിമാനത്താവളത്തില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. മുഴുവന്‍ ഹാജിമാര്‍ക്കും വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം ഇതിനകം തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. ഇവ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളമാണ് ഓരോ ഹാജിമാര്‍ക്കും നല്‍കുക.

വിമാനമിറങ്ങി വരുന്ന ഹാജിമാരെ സ്വീകരിച്ചിരുത്താന്‍ 400 കസേരകള്‍ രാജ്യാന്തര ടെര്‍മിനലിനകത്ത് സജ്ജീകരിക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്ത് മുതല്‍ പതിനഞ്ച് വരെയുള്ള വിവിധ സംഘങ്ങളായിട്ടായിരിക്കും ഹാജിമാരെ ടെര്‍മിനലിന് പുറത്തേയ്ക്ക് എത്തിക്കുക. ഇവരെ സഹായിക്കുന്നതിനായി 50 ഓളം വളണ്ടിയര്‍മാരെയും വിമാനത്താവളത്തില്‍ നിയോഗിക്കും. വളണ്ടിയര്‍മാരാണ് ടെര്‍മിനലിനകത്ത് നിന്നും ഹാജിമാരെ ബന്ധുക്കളുടെ സമീപത്തേയ്ക്ക് എത്തിയ്ക്കുക. പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപടി സ്വീകരിക്കും.

Chandrika Web: