X

ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്‌

കെ.പി ജലീല്‍

‘ഇന്ത്യയുടെ പുരോഗമനത്തിന്റെ ആത്മാവാണ് (പ്രോഗ്രസീവ് സോള്‍) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ പാര്‍ട്ടിയുടെ മുഖമുദ്രയായി അതിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകമാണിത്. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്നതുമുതല്‍ പിന്നാക്ക-ദരിദ്രാവസ്ഥയില്‍ കിടന്നിരുന്ന രാജ്യത്തെ കോടിക്കണക്കിന് ജനതയെ കൈപിടിച്ചുയര്‍ത്തിയതിലും ലോകത്ത് അഭിമാനിക്കാവുന്ന നിലയിലെത്തിച്ചതിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യശസ്സ് വാനോളമാണ്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒക്ടോബര്‍ 17ന് നടന്ന വോട്ടെടുപ്പും ഇന്നലെ പുറത്തുവന്ന ഫലവും അതുകൊണ്ടുതന്നെ ഇന്ത്യക്കാരായ ഓരോരുത്തര്‍ക്കും അഭിമാനദായകവും പ്രതീക്ഷാനിര്‍ഭരവുമാണെന്നതില്‍ സംശയമില്ല. ജനാധിപത്യം, മതേതരത്വം എന്നീ രണ്ട് സുപ്രധാന തൂണുകളില്‍ നിലകൊള്ളുന്ന ഇന്ത്യയുടെ ഭാവി വലിയ ഭീഷണിക്കുമുന്നില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനിവാര്യമായിരിക്കെയാണ് ഈ തിരഞ്ഞെടുപ്പും പുതുമുഖ സ്ഥാനാരോഹണവും. ലോക്‌സഭയിലെ കക്ഷിനേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മലയാളിയായ ശശിതരൂരും തമ്മിലുള്ള മല്‍സരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കപ്പെടാന്‍ സഹായിച്ചുവെന്നുതന്നെ പറയാം.

പതിനായിരത്തോളം വോട്ടര്‍മാരില്‍ 84 ശതമാനം വോട്ടുനേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചത് പാര്‍ട്ടിക്കുള്ളില്‍ കാര്യമായ ചേരിതിരിവില്ലെന്നതിന് തെളിവായി. ഒന്‍പതു തവണ നിയമസഭാംഗവും മൂന്നുതവണ ലോക്‌സഭാംഗവും കര്‍ണാടക പി.സി.സി അധ്യക്ഷനുമായിരുന്നയാളാണ് ഖാര്‍ഗെ എന്നതിനാല്‍ നേതൃപദവിക്ക് എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിത്വം തന്നെയാണ് അദ്ദേഹം എന്നതില്‍ തര്‍ക്കത്തിന് വകയില്ല. തരൂരാകട്ടെ മൊത്തം പോള്‍ചെയ്ത 8969 വോട്ടുകളില്‍ 1072 വോട്ടുകൊണ്ടാണെങ്കിലും കോണ്‍ഗ്രസിലേക്ക് ജനശ്രദ്ധയാകര്‍ഷിപ്പിക്കുന്നതിലും ജനാധിപത്യത്തിന്റെ ശുദ്ധവായു പാര്‍ട്ടിയില്‍ യഥേഷ്ടമുണ്ടെന്ന് തെളിയിക്കുന്നതിലും വിജയിച്ചു. തരൂരിന്റെ അറിവും മെയ്‌വഴക്കവും നേതൃപാടവവും ജനത്തിനും പാര്‍ട്ടിക്കും കൂടുതല്‍ അറിയുന്നതിനും തിരഞ്ഞെടുപ്പ് സഹായിച്ചു.

കോണ്‍ഗ്രസിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സി.പി.എം പോലുള്ള പാര്‍ട്ടികളും പലപ്പോഴും കുറ്റപ്പെടുത്താറുള്ളത് അത് കുടുംബാധിപത്യത്തിനകത്ത് ഞെരുങ്ങിക്കഴിയുകയാണെന്നാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം പരസ്യമുദ്രാവാക്യമായി ഉന്നയിക്കാന്‍ ധൈര്യം കാട്ടിയ ബി.ജെ.പിയെ യഥാര്‍ഥത്തില്‍ ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്. സംഘടനാതിരഞ്ഞെടുപ്പ് നടന്നുവെന്നതും നെഹ്‌റു കുടുംബത്തില്‍ നിന്നല്ല പ്രസിഡന്റെന്നതും ബി.ജെ. പിയെയും മോദിയെയും വല്ലാതെ പ്രയാസപ്പെടുത്തുമെന്നത് തീര്‍ച്ച. കോണ്‍ഗ്രസ്‌വിമര്‍ശനങ്ങള്‍ക്ക് പുതിയ അജണ്ടകള്‍ മോദിക്കും കൂട്ടര്‍ക്കുമിനി കണ്ടുപിടിക്കേണ്ടിവരും. സ്വന്തം പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടത്താതെയും പ്രസിഡന്റുമാരെ തന്നിഷ്ടത്തിനനുസരിച്ച് നിയമിക്കുന്നതും ബി.ജെ.പിക്ക് എങ്ങനെയാണ് ഇനി ന്യായീകരിക്കാന്‍ കഴിയുക? സി.പി.എമ്മിനും സി.പി.ഐക്കും ഇതേ ആശക്കുഴപ്പം നേരിടേണ്ടിവരും.

1885 ഡിസംബര്‍ 18ന് മുംബൈയിലെ തേജ്പാല്‍ സംസ്‌കൃത കോളജില്‍ 72 പേര്‍ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അറുപത്തൊന്നാമത്തെ പ്രസിഡന്റാണ് സൗമ്യനായ മല്ലികാര്‍ജുന്‍ഖാര്‍ഗെ എന്ന കര്‍ണാടകക്കാരന്‍. വയസ് എണ്‍പതായെങ്കിലും ജീവിത-രാഷ്രീയ പന്ഥാവിലൊരിക്കലും അനാവശ്യ വിവാദത്തിന്റെയോ അഴിമതിയുടെയോ ആരോപണമേല്‍ക്കേണ്ടിവന്നിട്ടില്ല. കര്‍ണാടകക്കാരനായ ബി.ജെ.പി മുന്‍ പ്രസിഡന്റിന് അഴിമതിക്കേസില്‍ സ്ഥാനമൊഴിയേണ്ടിവന്നത് ഈയവസരത്തില്‍ ഓര്‍ക്കുക. ദലിതനായ പ്രസിഡന്റ് എന്നതും ബി.ജെ.പിയുടെമേല്‍ കോണ്‍ഗ്രസിന്റെ മേന്മ വര്‍ധിപ്പിക്കുന്നു.

രാഷ്ട്രപതിമാരെ ദലിത്-ആദിവാസി സമുദായങ്ങളില്‍നിന്ന് നിയമിച്ചുവെന്ന ബി.ജെ.പിയുടെ പ്രചാരണത്തെ ഖാര്‍ഗെയെക്കൊണ്ട് കോണ്‍ഗ്രസിന് തടുക്കാനാകും. മറ്റൊന്ന്, സോണിയയും രാഹുല്‍ഗാന്ധിയും എന്ന അധികാര കേന്ദ്രമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന പ്രചാരണത്തെയും ഖാര്‍ഗെയിലൂടെ തടയാനുമാകും. ഒരൊറ്റ തിരഞ്ഞെടുപ്പിലൂടെ നിരവധി നേട്ടങ്ങളാണ് കോണ്‍ഗ്രസ് ബി. ജെ.പിക്കുമേല്‍ കൈവരിച്ചിരിക്കുന്നത്. ശശി തരൂര്‍ പ്രചാരണത്തിനിടെ ആവര്‍ത്തിച്ചുപറഞ്ഞത് പാര്‍ട്ടിയുടെ നവീകരണത്തെക്കുറിച്ചായിരുന്നെങ്കിലും ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം പറഞ്ഞത് നവീകരണത്തിനുള്ള സമയമാണിതെന്നാണ്. ഖാര്‍ഗെ എല്ലാം തീരുമാനിക്കുമെന്ന മുന്‍പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെയും ഖാര്‍ഗെയെ സന്ദര്‍ശിച്ച സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാഗാന്ധിയുടെയും നീക്കങ്ങളും കോണ്‍ഗ്രസ്പാര്‍ട്ടിയുടെ മേലുള്ള ജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിക്കാന്‍ പോന്നതായിരിക്കുന്നു.

സത്യത്തില്‍ ഇത്തരമൊരു സംഭവവികാസത്തിന് വഴിവെച്ചതില്‍ മുഖ്യപങ്ക് പലരും അവമതിക്കുന്ന രാഹുല്‍ ഗാന്ധിക്കാണെന്നുതന്നെ പറയേണ്ടിവരും. പാര്‍ട്ടി പ്രസിഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ രാഹുല്‍ 3500 കിലോമീറ്റര്‍ കഠിന യാത്രയിലാണെന്നത് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍ക്കലിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മഹാത്മാഗാന്ധിയെയും തന്റെ മുതുമുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റുവിനെയും മുത്തശ്ശി ഇന്ദിരാഗാന്ധിയെയും പോലുള്ള മഹത്തുക്കള്‍ വിരാജിച്ച കോണ്‍ഗ്രസ് അധ്യക്ഷപദം കൈവെള്ളയില്‍ കിട്ടിയിട്ടും പലതവണ നിരസിക്കാനും പാര്‍ട്ടിയുടെ സംഘടനാസംവിധാനം ജീവസ്സുറ്റതാക്കാനും തയ്യാറായ രാഹുലിന് തന്നെയാണ് ഇതിന്റെയെല്ലാം ക്രെഡിറ്റ് ആദ്യം നല്‍കേണ്ടത്. ഫലത്തില്‍ 24 വര്‍ഷത്തിന്‌ശേഷം നെഹ്‌റു കുടുംബത്തില്‍നിന്നല്ലാതെ സീതാറാം കേസരിക്ക്‌ശേഷം ഒരു പ്രസിഡന്റ് ഉണ്ടായിരിക്കുന്നു. പാര്‍ട്ടിയെ നയിക്കാന്‍ തനിക്കുപുറമെ മറ്റു പലരും ഉണ്ടെന്ന വിളംബരംകൂടിയാണ് ഇതിലൂടെ രാഹുലും സോണിയയും നല്‍കിയിരിക്കുന്നത്.

ജി-23 വിമതര്‍ സംഘടിച്ച് രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അതിനൊന്നും നേരിട്ട് മറുപടിപറയാതെ അവരെ സ്വപ്രവൃത്തിയിലൂടെ പാഠം പഠിപ്പിച്ചിരിക്കുകകൂടിയാണ് സോണിയയും രാഹുലും പ്രിയങ്കയും. പുറത്തുപോയ കപില്‍സിബല്‍, ഗുലാംനബി ആസാദ്, ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയവര്‍ക്ക് ഇനി തിരികെവരാം. ജനറല്‍ സെക്രട്ടറി പദവിയിലുള്ള പ്രിയങ്കഗാന്ധിയുടെ ഇനിയത്തെ നീക്കങ്ങളും നിര്‍ണായകമാണ്. എന്തിനുമേതിനും തനിക്കും കുടുംബത്തിനും കേള്‍ക്കേണ്ടിവരുന്ന പഴികള്‍ ഒഴിവാക്കാനും പദവി വികേന്ദ്രീകരണം സാധ്യമാക്കി സ്വതന്ത്രമായി പൊതുപ്രവര്‍ത്തനത്തിലിടപെടാനും ഇനി രാഹുലിനും പ്രിയങ്കക്കും കഴിയും. പാര്‍ട്ടിയിലെ നേതാക്കളെല്ലാം പലവിധ താല്‍പര്യങ്ങള്‍വെച്ച് പ്രവര്‍ത്തിച്ചെങ്കിലും ഫലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്പെടലിനാണ് ഈ അധ്യക്ഷതിരഞ്ഞെടുപ്പ് വഴിവെച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇതിനി താഴെ ഘടകങ്ങള്‍ക്ക് എത്തിക്കേണ്ടതുണ്ടെങ്കിലും അത് എളുപ്പവുമായി. ഇന്ദിരാഗാന്ധിയും പുത്രന്‍ രാജീവും ഭാര്യ സോണിയയും ദീര്‍ഘകാലം കൈയില്‍വെച്ച പാര്‍ട്ടി അധ്യക്ഷപദവി ചേറ്റൂര്‍ ശങ്കരന്‍നായരെയും കെ. കാമരാജിനെയും പോലുള്ള തെക്കേ ഇന്ത്യന്‍ പ്രസിഡന്റുമാരെപോലെ അതിശക്തമായും ചടുലതയോടെയും പ്രവര്‍ത്തിച്ച് കളഞ്ഞുപോയ ജനസ്സമ്മതിയും ‘പുരോഗമനാത്മാവും’ തിരിച്ചുപിടിക്കാന്‍ പുതിയ പ്രസിഡന്റിനും കോണ്‍ഗ്രസിനും കഴിയട്ടെയെന്ന് പ്രത്യാശിക്കാം.

Test User: