X
    Categories: MoreViews

നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും നീളാന്‍ സാധ്യതയെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഡിസംബറിന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കും ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം വന്നപ്പോള്‍ 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ത്രമോദി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കലാവധി അവസാനിക്കാറായിട്ടും രാജ്യത്തെ നോട്ടു പ്രതിസന്ധിക്ക് അയവു വന്നിട്ടില്ല.

നോട്ടു നിരോധനം അമ്പതുദിവസം പിന്നിടാനിരിക്കെ പണം പിന്‍വലിക്കുന്നതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ പൊതു അഭിപ്രായം. നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും തുടര്‍ന്നാല്‍ മാത്രമേ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകൂ എന്നും വ്യക്തമാക്കുന്നു.

നിലവില്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ എന്ന തുക പോലും നല്‍കാന്‍ പല സ്ഥലങ്ങളിലും ബാങ്കുകള്‍ക്ക് സാധിക്കുന്നില്ല. ആവശ്യമായ പണം ബാങ്കുകളില്‍ എത്താത്തതാണ് കാരണം. ഈ സാഹചര്യത്തില്‍ പിന്‍വലിക്കാവുന്ന തുകയിലെ നിയന്ത്രണം എടുത്തുമാറ്റിയാല്‍ ബാങ്കുകള്‍ക്ക് ഉയര്‍ന്ന തുക നല്‍കാന്‍ കൈവശം പണമില്ല. കൂടാതെ ബാങ്കുകള്‍ക്ക് ആവശ്യമായ തുക മുഴുവന്‍ ലഭ്യമാക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് എസ്ബിഐ ചെയര്‍പഴ്‌സന്‍ അരുന്ധതി ഭട്ടാചാര്യ നേരത്തെ സൂചിപ്പിക്കുകയും ഉണ്ടായി.

പൊതുജനങ്ങള്‍ക്ക് തന്നെ ആവശ്യമായ പണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണം കൂടി ഒഴിവാക്കിയാല്‍, കോര്‍പറേറ്റുകളും മറ്റും വലിയ തോതില്‍ പണം പിന്‍വലിക്കുകയും ബാങ്കുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയിലുമെത്തും.

അതേസമയം നിയന്ത്രണങ്ങള്‍ എന്നാണ് പിന്‍വലിക്കുകയെന്നതിനെ സംബന്ധിച്ച് സര്‍ക്കാരും ആര്‍ബിഐയും ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

chandrika: