ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാണ് ഇന്ത്യാ സഖ്യത്തിന്റെയും കോൺഗ്രസിന്റെയും പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് അവരുടെ ജനാധിപത്യ അവകാശങ്ങൾ തിരികെ ലഭിക്കുക എന്നതാണ് തൻ്റെ പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എത്രയും വേഗം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസ് പാർട്ടിയുടെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രധാന അജണ്ടകളിലൊന്നാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അത് നടന്നില്ല, പക്ഷേ കുഴപ്പമില്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഞങ്ങൾ എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ തിരിച്ച് നൽകുകയും ചെയ്യും, ‘ രാഹുൽ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അതിൽ ഉടൻ തന്നെ മാറ്റമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടുള്ളതല്ല. കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമാകുന്നത് ഇതാദ്യമാണ്. ഞങ്ങളുടെ ദേശീയ പ്രകടനപത്രികയിൽ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് മുൻഗണനയുണ്ടെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ജനാധിപത്യ അവകാശങ്ങൾ ഞങ്ങൾ വീണ്ടെടുക്കുക തന്നെ ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെയും പൗരന്മാരുടെ സംസ്കാരവും അവകാശങ്ങളും സംരക്ഷിക്കാൻ ജമ്മു കശ്മീരിലെ ജനങ്ങളുടെ വോട്ടുകൾ ആവശ്യമാണെന്ന് രാഹുൽ ഗാന്ധിയോടൊപ്പം കശ്മീരിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലുള്ള ഒരുക്കങ്ങളെ കുറിച്ച് അറിയാൻ കോൺഗ്രസ് നേതാക്കളുമായും പ്രവർത്തകരുമായും രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തുകയായിരുന്നു. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 എന്നീ തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 4 നും നടക്കും.