അബുദാബി: ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്ത റെസ്റ്റോറന്റുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. അബുദാബിയിലെ പ്രമുഖ വാണിജ്യസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളാണ് പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പും പിന്നീട് അവസാന താക്കീതും നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അടച്ചു പൂട്ടുകയായിരുന്നുവെന്ന് ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി വക്താവ് താമിര്‍ അല്‍ ഖാസിമി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിലുള്ള രീതി യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ സ്വകീരിച്ചിരുന്നില്ല. നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായ യാതൊരു വിധ മറുപടിയും റെസ്റ്റോറന്റ് ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒടുവില്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നിര്‍ദേശങ്ങളും നിബന്ധനകളും പൂര്‍ണമായും പാലിക്കപ്പെടുകയാണെങ്കില്‍ വീണ്ടും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലായ്മ, വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കള്‍, അടുക്കളയിലെയും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തെയും അപര്യാപ്തത, തറയിലും റൂഫിലും മോശമായ അവസ്ഥ, അടുക്കളയുടെ കവാടം തുറന്നു വെക്കുക, തീപിടിത്ത സാധ്യതയുള്ള ക്രമീകരണം,
ഭക്ഷ്യ വസ്തുക്കള്‍ക്കരികില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുക, ക്ഷുദ്ര ജീവി നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് പുതുക്കാതിരിക്കുക, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാതിരിക്കുക, വാണിജ്യ ലൈസന്‍സ് പുതുക്കാതിരിക്കുക എന്നീ ലംഘനങ്ങളാണ് റെസ്റ്റോറന്റുകള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതുജനാരോഗ്യം പരമ പ്രധാനമായാണ് കാണുന്നത്. അതിന് വിരുദ്ധമായ വിധത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോ വിപണനം നടത്തുന്നതിനോ അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനവും ഭക്ഷ്യ സുരക്ഷയുമാണ് എന്നും ലക്ഷ്യമിടുന്നതെന്ന് അല്‍ ഖാസിമി ചൂണ്ടിക്കാട്ടി. ഭക്ഷ്യ വിതരണ സംവിധാനത്തെ കുറിച്ച് പരാതിയുള്ളവര്‍ 800 555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിവരം നല്‍കേണ്ടതാണെന്നും ഭക്ഷ്യഅഥോറിറ്റി അറിയിച്ചു.