X

മസാലദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല, ബിഹാറില്‍ റസ്റ്റോറന്റ് ഉടമയ്ക്ക് 3500 രൂപ പിഴ

ഉപഭോക്താവിന് സ്‌പെഷ്യല്‍ മസാല ദോശയോടൊപ്പം സാമ്പാര്‍ നല്‍കാതിരുന്ന റെസ്‌റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 3500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി. പിഴ 45 ദിവസത്തിനകം അടക്കണമെന്നും ഇല്ലെങ്കില്‍ 8 ശതമാനം അധിക പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം. 2022 ഓഗസ്റ്റ് 15 നാണ് പ്രസ്തുത വിഷയം നടക്കുന്നത്. ജന്മദിനമായതിനാല്‍ ഒരു മസാല ദോശ കഴിക്കാന്‍ അഭിഭാഷകനായ മനീഷ് ഗുപ്തയ്ക്ക് ആഗ്രഹം തോന്നി. തുടര്‍ന്ന് ബക്‌സര്‍ ജില്ലയിലെ ‘നമക് റെസ്‌റ്റോറന്റില്‍’ നിന്ന് മനീഷ് ഒരു സ്‌പെഷ്യല്‍ മസാലദോശ ഓര്‍ഡര്‍ ചെയ്തു. 140 രൂപയായിരുന്നു ദോശയുടെ വില. പാഴ്‌സല്‍ തുറന്നപ്പോള്‍ അതില്‍ സാമ്പാര്‍ ഇല്ലായിരുന്നു.

റസ്‌റ്റോറന്റ് മാനേജരോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും മാനേജര്‍ മോശമായി പെരുമാറിയെന്ന് മനീഷ് ആരോപിച്ചു. 140 രൂപയ്ക്ക് മുഴുവന്‍ റസ്‌റ്റോറന്റും നല്‍കാന്‍ കഴിയില്ലെന്ന് മാനേജര്‍ കളിയാക്കിയെന്നാണ് മനീഷ് പറയുന്നത്. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസിന്റെ വാദം 11 മാസത്തോളം നീണ്ടു. ഒടുവില്‍ റസ്‌റ്റോറന്റ് ഉടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കമ്മീഷന്‍ ചെയര്‍മാന്‍ വേദ് പ്രകാശ് സിംഗ്, അംഗം വരുണ്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരാതിക്കാരിക്കുണ്ടായ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് 2000 രൂപ പിഴയും 1500 രൂപ പ്രത്യേകം പിഴയും വിധിച്ചു. മൊത്തം പിഴയായ 3500 രൂപ 45 ദിവസത്തിനകം അടക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ 8 ശതമാനം പലിശയും നല്‍കേണ്ടിവരും.

webdesk13: