ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്‌കൂള്‍ ഇപ്പോള്‍ യു.പി സ്‌കൂളാണ്. ഇതിനെ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ് എല്‍.പി സ്‌കൂളിനെ യു.പി ആയി ഉയര്‍ത്തിയത്. പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം. മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ഇക്കാര്യത്തിലുണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ”- മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ അപേക്ഷ കൈകൊണ്ട് എഴുതിയതല്ല, കാല്‍വിരലുകളാലാണ് തയാറാക്കിയത്. ജന്മനാ രണ്ട് കൈകളില്ലാത്ത മുഹമ്മദ് ആസിം എന്ന 12 വയസുകാരന്‍ തന്റെ ആവശ്യം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നിലെത്തിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. വിധിയുടെ ക്രൂരതക്ക് മുന്നില്‍ തളരാതെ പഠനവുമായി മുന്നോട്ടുപോവുകയാണ് ആസിം. കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവില്‍ വീട്ടില്‍ ഹാഫിള് മുഹമ്മദ് സയ്യിദ് യമാനിയുടെയും ജംസീനയുടെയും മകനായ ആസിമിന് ജന്മനാ വൈകല്യമുണ്ട്. രണ്ടു കൈകളും ഇല്ല. ഒരു കാലിന് നീളക്കുറവുണ്ട്. സ്വന്തമായി ആഹാരം കഴിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാനോ കഴിയില്ല.
എന്നാല്‍ പഠനത്തില്‍ ആസിം ഒട്ടും പിന്നിലല്ല. വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് വെള്ളിമണ ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍. ഉച്ചക്ക് ഭക്ഷണം കൊടുക്കാന്‍ കുട്ടിയുടെ ഉമ്മയോ ഉപ്പയോ സ്‌കൂളിലെത്തണം. അടുത്തായതിനാല്‍ ഒന്നാം ക്ലാസുമുതല്‍ ഈ രീതി തുടരുകയാണ്. കുട്ടി നാലാം ക്ലാസില്‍ ആയിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് വിവരം ധരിപ്പിച്ചു. പ്രത്യേക ഉത്തരവ് പ്രകാരം സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ ആസിം ഏഴാം ക്ലാസിലാണ്. അടുത്ത അധ്യയനവര്‍ഷം പഠനം തുടരണമങ്കില്‍ അഞ്ചു കിലോമീറ്ററിന് അപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂള്‍ ഉള്ളത്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഇപ്പോള്‍ ആസിം മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ആസിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉപനേതാവ് മുനീറിനെയും കണ്ട് ഈക്കാര്യം അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് ഇരുനേതാക്കളും ആസിന് ഉറപ്പുനല്‍കി.
കോഴിക്കോട് ജില്ലാ പഞ്ചായത്തും ഓമശേരി ഗ്രാമപഞ്ചായത്തും സ്‌കൂളിന്റെ ഗ്രേഡ് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. തന്റെ മുന്നോട്ടുള്ള യാത്രക്ക് വൈകല്യം തടസമാണെന്ന് ആസിം കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊച്ചുമിടുക്കന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ക്കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി ജലീല്‍, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെ നേരില്‍ക്കണ്ട് ‘എന്റെ സ്‌കൂളിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്യണേ…’ എന്ന് അഭ്യര്‍ത്ഥിച്ചു. എം.എല്‍.എമാരായ കെ.എം മാണി, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി.സി ജോര്‍ജ്, ഇ.പി ജയരാജന്‍ എന്നിവരെയും കണ്ടു. കോഴിക്കോട്ടേക്ക് മടങ്ങുന്നതിന് മുന്‍പ് എം.എല്‍.എ ഹോസ്റ്റലില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമിന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ആസിമിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ‘എനിക്ക് ഇനി എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കാം’….