മേപ്പാടി: എളമ്പിലേരിയിലെ റിസോര്‍ട്ടിന്റെ ടെന്റില്‍ കഴിയുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത നടപടി. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുടമകള്‍ക്കും താത്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കി. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിച്ചതിന് ശേഷം മാത്രമാവും പ്രവര്‍ത്തനാനുമതി നല്‍കുക. താല്‍ക്കാലിക സ്റ്റോപ് മെമ്മോയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസന്‍സുള്ളവയ്ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ എന്നും അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. യുവതി കാട്ടാനയുടെ ആക്രമണത്തിനിരയായ എളമ്പിലേരിയിലെ റിസോര്‍ട്ടിന് പഞ്ചായത്തിന്റെ ലൈസന്‍സുണ്ടായിരുന്നില്ല. ഗ്രാമപ്പഞ്ചായത്തിലെ മിക്ക റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപികയായ കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷഹാനയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെ ടെന്റിലായിരുന്നു ഷഹാനയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ടെന്റിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനയെ ആന ആക്രമിക്കുകയായിരുന്നു.