യു.എസില്‍ കുത്തേറ്റു മരിച്ച 6 വയസുകാരനായ ഫലസ്തീന്‍-അമേരിക്കന്‍ ബാലന്‍ വാദെ അല്‍ ഫയൂമിയെ ആദരിച്ച് യു.എസ് പ്രതിനിധി സഭയില്‍ പ്രമേയം. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്.
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന്‍ അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്‌സണ്‍ കോള്‍മാന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. വംശീയ പശ്ചാത്തലമോ മതവിശ്വാസമോ കാരണം ഒരു വ്യക്തി പോലും ആക്രമിക്കപ്പെടരുതെന്നും വിദ്വേഷ കുറ്റകൃത്യങ്ങള്‍, ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത, ഫലസ്തീനികള്‍ക്കെതിരായ വിവേചനം എന്നിവയെ ശക്തമായി അപലപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ സത്യസന്ധമായ കാര്യങ്ങള്‍ എത്തിക്കാനും മനുഷ്യത്വരഹിതമായ വാര്‍ത്തകളിലൂടെ ആളുകളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ടെന്നും പ്രമേയം പറഞ്ഞു.’6 വയസുകാരനായ വാദെ അല്‍ഫയൂമിയെ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തതിലൂടെ ഒരു വെളിച്ചമാണ് ഞങ്ങളുടെ സമുദായത്തിന് നഷ്ടപ്പെട്ടത്’ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ലോറന്‍ അണ്ടര്‍വുഡ് പറഞ്ഞു.
വാദെ, തന്റെ പ്രിയപ്പെട്ടവരുടേയും സഹപാഠികളുടേയും ജീവിതത്തില്‍ സന്തോഷവും വെളിച്ചവും പകര്‍ന്നവനായിരുന്നു. അവന്റെ ജീവിതത്തേയും സ്മരണയേയും ആദരിക്കാനുള്ള ഈ പ്രമേയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അവന്റെ കുടുംബത്തിനും സമുദായത്തിനുമൊപ്പം നില്‍ക്കാനായതിലും ഞാന്‍ അഭിമാനിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയായിരുന്നു അമേരിക്കയിലെ ചിക്കാഗോയില്‍ വാദെ അല്‍ ഫയൂമിയെ 71 കാരനായ ജോസഫ് എം. ചൂബയെന്നയാള്‍ കുത്തിക്കൊന്നത്. ഇസ്രായേല്‍ അനുകൂലിയായ വ്യക്തിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. 71 കാരനായ പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
പ്ലെയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ഇയാളുടെ വീടിന്റെ താഴത്തെ നിലയിലായിരുന്നു വാദെയും അവന്റെ അമ്മയും താമസിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. 26 തവണയാണ് അക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘നിങ്ങള്‍ മുസ്‌ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് വാദെയുടെ മാതാവ് ഹനാന്‍ ഷാഹിന്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇസ്രാഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആക്രമണം പ്രതി നടത്തിയതെന്ന് വില്‍ കൗണ്ടി പൊലീസും സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തിലായിരുന്നു വാദേയുടെ ജനനം.