X

മോദിയെ വാഴ്ത്തിയ കര്‍ഷകന്റേത് കള്ളത്തരം: സത്യം പുറത്തുകൊണ്ടുവന്ന പ്രമുഖമാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി സമ്മര്‍ദ്ദം മൂലം രാജിവെച്ചു

ന്യൂഡല്‍ഹി: ഏതൊരു നുണയും യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്നതാണ് സംഘ്പരിവാറുകാരുടെ മുഖ്യതൊഴില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കര്‍ഷകരെ കൊണ്ടുവന്ന് കള്ളത്തരം പറയിപ്പിക്കുന്നതിനും മോദിസര്‍ക്കാരിന് മടിയുണ്ടായില്ല. മോദിയുടെ ഭരണംകൊണ്ട് കൃഷിയില്‍ മെച്ചമുണ്ടായെന്നും വരുമാനം ഇരട്ടിയായെന്നും ചണ്ഡീഗഡിലെ ചന്ദ്രമാണി കൗശിക്കിനെക്കൊണ്ട് സര്‍ക്കാര്‍ പരിപാടികളില്‍ കള്ളത്തരം പറയിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ, അതിന്റെ അനന്തരഫലം അവരെ സമ്മര്‍ദ്ദത്തിലാഴ്ത്തി തൊഴില്‍ ഉപേക്ഷിപ്പിക്കുക എന്നതായിരുന്നു.

മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ ദേശീയമാധ്യമമായ എ.ബി.പി ന്യൂസില്‍ നിന്ന് ആ രണ്ടുപേരും രാജിവെച്ചു. മോദിയുടെ പരിപാടിയിലെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന മിലിന്ദ് ഖന്ദേകറും പുണ്യ പ്രസൂണ്‍ ഭാജ്പായുമാണ് ചാനലില്‍ നിന്ന് രാജിവെച്ചത്. 14 വര്‍ഷത്തെ സേവനത്തിനു ശേഷം ചാനലിലെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്നും താന്‍ രാജിവെക്കുകയാണെന്ന് മിലിന്ദ് ഖന്ദേക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പരിപാടിയിലൂടെയാണ് മോദിസര്‍ക്കാരിന്റെ ഗുണങ്ങളെക്കുറിച്ചുള്ള കള്ളത്തരം പുറത്തുകൊണ്ടുവന്നത്. വിവിധ സര്‍ക്കാര്‍ പരിപാടികളിലായി ആ യുവതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തുകയായിരുന്നു മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ ആ എപ്പിസോഡ് ക്ലിപ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ജനശ്രദ്ധയാകര്‍ഷിച്ചതോടെ മോദിസര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ രാജ് വര്‍ധന്‍ റാത്തോഡും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.

മാപ്പര്‍ഹിക്കാത്തവിധം ചില മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരെ അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റാത്തോഡിന്റെ വിമര്‍ശനം. കൂടാതെ ബി.ജെ.പി നേതാക്കള്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മാസം 13-ാം തിയ്യതിമുതല്‍ രാത്രി ചാനല്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് പ്രമുഖരും പ്രേക്ഷകരും പരാതി നല്‍കി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ പ്രക്ഷേപണ സമയം രാത്രി ഒമ്പതുമുതല്‍ 10 വരെ ചാനലില്‍ സിഗ്നല്‍ പ്രശ്‌നം കാണിക്കുകയാണെന്ന് പരാതി ഉയരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മിലിന്ദ് ഖന്ദേകറും, പുണ്യ പ്രസൂണ്‍ ഭാജ്പായും ചാനലില്‍ നിന്ന് രാജിവെക്കുകയായിരുന്നു അഭീസര്‍ ശര്‍മ്മ എന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ ലീവിലുമാണ്.

chandrika: