എല്‍.ഡി.എഫ് സര്‍ക്കാരിലെ 2 മന്ത്രിമാര്‍ രാജിവച്ചതോടെ, രാഷ്ട്രീയ ശുപാര്‍ശയില്‍ ജോലിയില്‍ കയറിയ 37 പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സര്‍ക്കാരിന്റെ ബാധ്യതയാകും. പെന്‍ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യതയും സര്‍ക്കാരിലേക്കെത്തും.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയാണ്.
ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്‍ 70,000 രൂപവരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ള സി.എം രവീന്ദ്രനാണ് ഉയര്‍ന്ന അടിസ്ഥാന പെന്‍ഷന് അര്‍ഹത-69,970രൂപ. സ്റ്റാഫിലുള്ളതിനാല്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നത്.
എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് രണ്ടരവര്‍ഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേര്‍. 7 പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍. 18 പേര്‍ രാഷ്ട്രീയനിയമനം. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ 3.
ഇതില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍. ഒരു പിഎ, ഒരു അഡിഷനല്‍ പിഎ, 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍.
ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനല്‍ സെക്രട്ടറിയും 1 ക്ലര്‍ക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനല്‍ പിഎ, 1 അസിസ്റ്റന്റ്, 4 ക്ലര്‍ക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍.