താരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരാണ് മാറിനിൽക്കേണ്ടത് എല്ലാവരും രാജിവെച്ചത് അവഹേളിക്കലായി മാറി. അതിനോട് യോജിക്കാനാവില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
‘കൂട്ടരാജി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല അത് ഞാൻ പ്രതീക്ഷിച്ചില്ല. ഈ കമ്മിറ്റിക്ക് വോട്ട് ചെയ്തവരെയും സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപഹേളിക്കുന്നതായി മാറി കൂട്ടരാജി. ആരോപണ വിധേയർ മാറി നിൽക്കട്ടെ എന്തിനാണ് എല്ലാവരും രാജിവെക്കുന്നത്?. ഇതിനോട് യോജിക്കാൻ കഴിയില്ല ഇത് അപമാനിക്കലാണ്’, അനൂപ് പറഞ്ഞു.
യോഗത്തിൽ വിമർശനമുന്നയിച്ച ജഗദീഷിനെതിരെയും അനൂപ് പ്രതികരിച്ചു. ജഗദീഷിന്റെ നിലപാടാണ് ദുരന്തമുണ്ടാക്കിയതെന്നും ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. മോഹൻലാലാണ് അമ്മ സംഘടനയുടെ നാഥൻ. അദ്ദേഹത്തിന്റെ നന്മയാണ് സംഘടനയെ നിലനിർത്തുന്നത്. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമ്മയുടെ നേതൃത്വത്തിലേക്ക് ഇനി ശേഷിയുള്ളവർ വരട്ടെ. യുവ നേതൃനിര ഉണ്ടായാൽ നന്നായി. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം പക്ഷേ അവർ യോഗങ്ങളിൽ എത്ര വരുന്നു എന്നത് പരിശോധിക്കണം. മുകേഷ് മാറിനിൽക്കണമോ എന്ന് സർക്കാർ തീരുമനിക്കട്ടെ. ആരോപണ വിധേയരായവർ മാറിനിൽക്കണമെന്നാണ് അഭിപ്രായം, അദ്ദേഹം വ്യക്തമാക്കി.