ന്യൂഡല്‍ഹി: 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നാളെ മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ മുന്‍കരുതല്‍(മൂന്നാം) ഡോസ് ലഭിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
അതേസമയം സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും മുന്‍കരുതല്‍ ഡോസ് വിതരണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഫലത്തില്‍ പണം നല്‍കി മാത്രമേ ഇത് സ്വീകരിക്കാന്‍ കഴിയൂ. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പോരാളികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി മുന്‍കരുതല്‍ ഡോസ് നല്‍കുന്നത്. 2.4 കോടി പേരാണ് ഇതുവരെ മൂന്നാം ഡോസ് സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒന്നും രണ്ടും ഡോസ് ഏത് വാക്‌സിന്‍ ആണോ സ്വീകരിച്ചത്(ഉദാഹരണം- കോവിഷീല്‍ഡ്), അതേ വാക്‌സിന്‍ തന്നെ വേണം മുന്‍കരുതല്‍ ഡോസും സ്വീകരിക്കാനെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. രാജ്യത്ത് 15 വയസിന് മുകളിലുള്ള 96 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. 83 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 12നും 14നും ഇടയിലുള്ള 45 ശതമാനം പേര്‍ക്ക് ഒന്നാം ഡോക്‌സ് വാക്‌സിനും നല്‍കിയിട്ടുണ്ട്. 2021 ജനുവരി 16നാണ് ദേശീയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കി. മുന്‍നിര തൊഴിലാളികളുടെ വാക്‌സിനേഷന്‍ 2021 ഫെബ്രുവരി 2ന് തുടങ്ങി. വാക്‌സിനേഷന്റെ അടുത്ത ഘട്ടം 2021 മാര്‍ച്ച് 1ന് തുടക്കമായി. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസും അതില്‍ കൂടുതലുമുള്ള നിര്‍ദിഷ്ട രോഗാവസ്ഥ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്തത്. ഏപ്രില്‍ 1 മുതലാണ് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കുമായി രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്.
മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കുമായി വാക്‌സിനേഷന്‍ ഡ്രൈവ് വിപുലീകരിച്ചു. 2022 ജനുവരി 3ന് 15- 18 വയസിനിടയിലുള്ള കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു.
ജനുവരി പത്തു മുതല്‍ ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും 60 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കാന്‍ തുടങ്ങി. രാജ്യത്ത് മാര്‍ച്ച് 16 മുതലാണ് 12-14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.