കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ പകുതിയോളം ഭാഗം വലിയ കര്‍ഷക സമരത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയാല്‍ രാജ്യത്ത് പണപ്പെരുപ്പമുണ്ടാവുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ നടത്തിയ പ്രസ്താവന അസ്ഥാനത്തും കൂടുതല്‍ വിവരണങ്ങള്‍ ആവിശ്യമുള്ളതാണെന്നും സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ സമുന്നതമായ ഒരു പദവി വഹിക്കുന്ന സ്വതന്ത്ര ചുമതലയുള്ള റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ പ്രസ്താവന തെറ്റായ സന്ദേശം വ്യാപരിക്കാനും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും കാരണമാവുന്നതാണ്.
രാജ്യത്തെ വന്‍കിടക്കാരുടെ കടങ്ങള്‍ പല തവണ കിട്ടാകടമെന്ന പേരു പറഞ്ഞ് എഴുതി തള്ളിയിട്ടുണ്ട്. വലിയ തുകകള്‍ പലിശ രഹിത വായ്പയായി അനുവദിച്ചിട്ടുമുണ്ട്. ഇപ്പോഴും തുടരുന്നുമുണ്ട് അതിനേക്കാളൊക്കെ ചെറിയ തുക മാത്രമേ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് വായ്പ എഴുതി തള്ളിയാല്‍ നല്‍കേണ്ടി വരികയുള്ളു. വന്‍കിട കുത്തകകള്‍ക്ക് ലക്ഷക്കണക്കായ കോടികളുടെ തുക എഴുതി തള്ളിയാല്‍ ഉണ്ടാവാത്ത അപകടം കോടി കണക്കായ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയാല്‍ ഉണ്ടാവുമെന്ന് വാദിക്കുന്നതിലെ ഗണിതശാസ്ത്രം ഉള്‍കൊള്ളാനാവാത്തതാണ്.
ഉപ പ്രധാന മന്ത്രിയായിരുന്ന ദേവിലാല്‍ മുന്‍കയ്യെടുത്ത് 1988ലും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായിരുന്ന ഡോ:മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ 2007ലുമായി രണ്ടു തവണയാണ് വലിയ കടാശ്വാസങ്ങള്‍ കര്‍ഷകര്‍ക്കു ലഭിച്ചത്. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഇരട്ടി തുകയാണ് വന്‍കിട കടങ്ങള്‍ക്ക് പലതവണകളായി നല്‍കി വരുന്നത് എന്ന യാഥാര്‍ത്യം വിസ്മരിക്കാനാവില്ല. ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷക കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചു. തമിഴ്‌നാട്ടിലും മദ്ധ്യപ്രദേശിലും ആവഴിക്കാണ് ആലോചനകള്‍. പത്തോളം സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നു വരുന്ന ഇത്തരം ഒരവസ്ഥയില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ഒരാനുകൂല്യം ഒരേ പോലെ ലഭ്യമാവാന്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും വായ്പകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവെണമെന്നും കുറുക്കോളി മൊയ്തീന്‍ ആവിശ്യപ്പെട്ടു.
- 8 years ago
chandrika
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന അസ്ഥാനത്ത്; സ്വതന്ത്രകര്‍ഷകസംഘം
Tags: EcenomicReserve bank