സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ പോവുകയാണെന്നും നിക്ഷേപത്തിനു നിയന്ത്രണം വരുമെന്നുമുള്ള പ്രചാരണം സഹകാരികളെയും നിക്ഷേപകരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല തുടങ്ങിയവയാണ് ആര്‍.ബി.ഐയുടെ നിബന്ധനകള്‍. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ സൊസൈറ്റികള്‍ക്കു ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നത്.
പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, മറ്റു സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിങ്ങനെ വിവിധതരം സഹകരണ സ്ഥാപനങ്ങളുണ്ട്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘം നിശ്ചിത വില്ലേജ് അല്ലെങ്കില്‍ പഞ്ചായത്ത് പ്രദേശം പ്രവര്‍ത്തന മേഖലയാക്കി, നിശ്ചിത ശതമാനം തുക കാര്‍ഷിക വായ്പ വിതരണം ചെയ്യുമെന്നു നിയമാവലിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നവയാണ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘം. ഇവയാണു പൊതുവേ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന് അറിയപ്പെടുന്നത്. ബൈലോയില്‍ പറയുന്ന വില്ലേജ് അല്ലെങ്കില്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കേ ഈ സംഘങ്ങള്‍ക്കു വായ്പ നല്‍കാനാവൂ. നിക്ഷേപം എവിടെനിന്നും സ്വീകരിക്കാം. സംസ്ഥാനത്ത് ഇത്തരം 1625 സംഘങ്ങളുണ്ട്.
വിവിധ വര്‍ഷങ്ങളില്‍ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തപ്പോഴും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 1949ല്‍ ബാങ്കിങ് നിയന്ത്രണ നിയമം നിലവില്‍ വന്നപ്പോള്‍, അന്നുവരെ ബാങ്കിങ് പ്രവര്‍ത്തനം നടത്തിയിരുന്ന സഹകരണ സംഘങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. അതില്‍പെട്ടതാണ് സംഘങ്ങള്‍. ഇവയ്ക്ക് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം ബാധകമല്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാതെ ബാങ്കിങ് നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊരു മാറ്റവും ഇന്നേവരെ ഉണ്ടായിട്ടില്ല. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിനും റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള അര്‍ബന്‍ ബാങ്കുകള്‍ക്കും ഒഴികെ മറ്റു സഹകരണ സംഘങ്ങള്‍ക്കൊന്നും പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാനോ ബാങ്ക് എന്ന പേര് ഉപയോഗിക്കാനോ അനുവാദമില്ലെന്നാണ് റിസര്‍വ് ബാങ്ക് ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
ഓഹരി മൂലധനം ഒരു ലക്ഷം രൂപയ്ക്കു താഴെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്കു റിസര്‍വ് ബാങ്കിന്റെ ഉത്തരവുകളോ നിര്‍ദേശങ്ങളോ ബാധകമാവുന്നില്ല. ഇവ പൂര്‍ണമായും സംസ്ഥാന സഹകരണ നിയമത്തിനു വിധേയമായി രൂപം കൊണ്ടവയും പ്രവര്‍ത്തിക്കുന്നവയുമാണ്. റിസര്‍വ് ബാങ്ക് മേല്‍നോട്ടത്തിലുള്ള ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ഇത്തരം സംഘങ്ങളിലെ ഇടപാടുകള്‍ക്കു ലഭിക്കില്ലെന്നും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘങ്ങള്‍ നോമിനല്‍, അസോഷ്യേറ്റ് അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാവൂ എന്നും റിസര്‍വ് ബാങ്ക് പറയുന്നത്.
കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോഷ്യേറ്റ് അംഗങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ എല്ലാവരെയും അംഗങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ബി.ആര്‍ ആക്ട് ഭേദഗതിയുടെ പേരില്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ലൈസന്‍സിനായി അപേക്ഷിച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 2013 റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ ബാങ്കിങ് ലൈസന്‍സ് ആവശ്യമില്ലെന്നും ഇവ സഹകരണ രജിസ്ട്രാറുടെ കീഴിലും നിയന്ത്രണത്തിലുമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്പോസിറ്റ് ആന്റ് ഇന്‍ഷുറന്‍സ്, ഗ്യാരന്റി കോര്‍പറേഷന്റെ പരിരക്ഷ ലഭിക്കില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡാണ് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ലഭ്യമാക്കുന്നത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്നത് ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയമായും രാഷ്ട്രീയം മറന്നും ഒന്നിക്കേണ്ടതുണ്ട്. നോട്ട് നിരോധന ഘട്ടത്തില്‍ അത് കണ്ടതാണ്. അത്തരത്തില്‍ സഹകാരി കൂട്ടായ്മകളും പ്രതിരോധങ്ങളും തീര്‍ത്ത് സഹകരണ മേഖലയിലെ ജീവനക്കാരുടെയും സഹകാരികളുടെയും യോജിച്ച സമരം ആരംഭിക്കേണ്ടതുണ്ട്.