X

ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം സംവരണതത്വം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഇ.ടി

പാലക്കാട്: സാമൂഹ്യനീതി നടപ്പാക്കാനായി ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും ഇ.ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണ്. പിന്നോക്കക്കാര്‍ക്ക് സംവരണം വേണ്ടെന്ന് വാദിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. അവര്‍ക്ക് അനുകൂലമായ നടപടിയാണ് കേരളത്തിലെ ഇടുതുസര്‍ക്കാറും സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ നീക്കത്തെ മുസ്്‌ലിംലീഗ് എതിര്‍ക്കുമെന്നും ഇ.ടി പറഞ്ഞു.

സാമൂഹ്യമായും ചരിത്രപരമായും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഭരണഘടന സംവരണം വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹികനീതി ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. ഇതിന് പകരമായി സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള നീക്കം അത്യന്തം ആപല്‍ക്കരമാണ്. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് ചില മേഖലകളില്‍ സംവരണം വേണമെന്നത് മുന്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ ആവശ്യപ്പെടുകയും മുന്നോക്ക വികസന കോര്‍പറേഷന്‍ രൂപീകരിച്ച് അതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. അതെല്ലാം അട്ടിമറിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കാനാണ് നീക്കം. സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകമാനം സാമ്പത്തിക സംവരണം അടിച്ചേല്‍പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ഇന്ത്യയില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോഴും പിന്തള്ളപ്പെട്ട് കിടക്കുന്നതായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അതിന് പരിഹാരം കാണാതെയാണ് സാമ്പത്തിക സംവരണത്തിന് വാദിക്കുന്നത്. വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കവും മുസ്്‌ലിംലീഗ് എതിര്‍ക്കും. അഴിമതി അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. പി.എസ്.സിക്ക് വിടുകയല്ല, അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍പോലെ ചില സമുദായങ്ങള്‍ക്ക് മാത്രമാണ് വഖഫ് ബോര്‍ഡില്‍ നിയമനം നല്‍കാറ്. പി.എസ്.സിക്ക് വിടുന്നതോടെ ഇതില്ലാതാവുമെന്ന ആശങ്കയാണുള്ളത്. നിലവിലുള്ള നിയമപ്രകാരം മുസ്്‌ലിംകള്‍ക്ക് മാത്രമായി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സിക്ക് കഴിയില്ല. എല്ലാ സമുദായങ്ങള്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം എന്ന അവസ്ഥ വരും.

ഇക്കാര്യങ്ങള്‍ യു.ഡി.എഫി ല്‍ അവതരിപ്പിച്ച് സമാനചിന്താഗതിക്കാരായ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇ.ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല, ജന. സെക്രട്ടറി മരക്കാര്‍ മാരായമംഗലം, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, സെക്രട്ടറി എം.എസ് നാസര്‍ എന്നിവരും പങ്കെടുത്തു.

chandrika: