X

പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ അട്ടിമറി: പി.എം.എ സലാം

പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റില്‍ അലോട്ട്‌മെന്റ് കഴിയുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല മാര്‍ക്ക് കിട്ടിയ മെറിറ്റില്‍ വരേണ്ട കുട്ടികളെയാണ് കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുന്നത്. സംവരണ അട്ടിമറിയാണ് നടക്കുന്നത്. മെറിറ്റില്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് അതിനുള്ള അവസരം പൂര്‍ണമായി നല്‍കിയ ശേഷം മാത്രമാണ് കമ്യൂണിറ്റി ക്വാട്ട കൊടുക്കേണ്ടത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. – അദ്ദേഹം പറഞ്ഞു. പ്ലസ് വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും അര ലക്ഷത്തോളം പേര്‍ക്ക് സീറ്റ് കിട്ടിയിട്ടില്ല. ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും സീറ്റില്ല. പ്രതിഷേധത്തിന്റെ ഭാഗമായി പ്രശ്‌നം പരിഹരിക്കുമെന്ന് വാക്കാല്‍ പറയുകയല്ലാതെ സര്‍ക്കാര്‍ ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. അവസാന അലോട്ട്‌മെന്റ് വന്നിട്ടും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ മുസ്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിലങ്ങണിയിച്ചു തെരുവില്‍ നടത്തിച്ചതിന് ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ഉത്തരവാദപ്പെട്ടവരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേം പറഞ്ഞു. വ്യക്തമായ തെളിവുകളോടെയാണ് സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാക്കള്‍ അഴിമതി ആരോപണം നടത്തുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പകരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ കള്ളക്കേസെടുത്തത് സര്‍ക്കാറിനെ വിമര്‍ശിച്ചത് കൊണ്ടാണ്. ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. ബാലിശമായ വകുപ്പുകളുമായാണ് കെ. സുധാകരനെയും സര്‍ക്കാര്‍ നേരിടുന്നത്. രാഷ്ട്രീയമായി നേരിടാന്‍ കരുത്തില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം തെറ്റായ വഴികള്‍ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

webdesk11: