ബാങ്കോക്: വടക്കന്‍ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ധന്‍ സമണ്‍ കുനന്‍(38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.
ഗുഹക്കുള്ളിലെ ഇടുങ്ങിയ വഴികളില്‍ വലിയ തോതില്‍ വെള്ളവും ചളിയും കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇനിയും നാലു മാസം കനത്ത മഴക്ക് സാധ്യതയുണ്ട്. കനത്ത മഴ ഉണ്ടായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചിയാങ് റായ് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. സുരക്ഷിതമായി കുട്ടികളെ പുറത്തെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈയവസരത്തില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ചാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം, ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുന്നതുകൊണ്ട് നീന്തല്‍ ദൂഷ്‌ക്കരമാണ്.