കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും.
വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാര്‍ഡുകളിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുളളത്. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി.
അതേസമയം, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകുന്നേരം നാലിനാണ് യോഗം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചര്‍ച്ചാവിഷയം. നിലവില്‍ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും പ്രളയദുരിതം ചര്‍ച്ച ചെയ്യും. കൂടുതല്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാറിന് വിശദമായ നിവേദനം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.