ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുംവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍ (ഐബിഎഫ്) റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്നാണ് എന്‍ബിഎ ആവശ്യപ്പെട്ടത്.
കേസില്‍ കോടതിയുടെ തീര്‍പ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ (ഐബിഎഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍ നിന്നും റിപബ്ലിക് ടിവിയെ ഒഴിവാക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു.
റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എന്‍ബിഎ ബാര്‍ക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ പങ്കുവെക്കുംവരെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.ബി.എ. ആവശ്യപ്പെട്ടു.