ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടി.വിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോ. ശശി തരൂര്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് മന്‍മോഹന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സുനന്ദ കേസില്‍ നല്‍കാനുദ്ദേശിക്കുന്ന വാര്‍ത്ത ശശി തരൂരിനെ മുന്‍കൂര്‍ കാണിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും വേണം. ഈ അഭിപ്രായം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. നിശ്ചിത സമയത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ചാനലിന് വാര്‍ത്ത നല്‍കാം. എന്നാല്‍ യാഥാര്‍ത്ഥ്യം വളച്ചൊടിക്കുകയോ ഉറപ്പില്ലാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. അന്വേഷണം നടക്കുന്ന കേസുകളിലെ റിപ്പോര്‍ട്ടിങില്‍ സന്തുലിതാവസ്ഥ പുലര്‍ത്തണം.
സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ വാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ശശി തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍, അന്വേഷണം നടക്കുന്ന കേസുകളില്‍ ആരെയെങ്കിലും കുറ്റക്കാരായി ചിത്രീകരിക്കാനും മുദ്രകുത്താനും മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്നും ശ്രദ്ധയോടെ വേണം റിപ്പോര്‍ട്ടിങ് എന്നും കോടതി വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് തരൂരിനു വേണ്ടി ഹാജരായത്.