ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവെച്ചു. അര്‍ണാബ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ കറസ്‌പോണ്ടന്റായ ശ്വേത രാജിവെച്ചത്.
ശശി തരൂരിനു വേണ്ടി ചാരപ്പണി നടത്തുകയാണെന്നാരോപിച്ച് മാനേജ്‌മെന്റ് തന്നെ തേജോവധം ചെയ്യുകയാണെന്നും ശ്വേത പറഞ്ഞു.
തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്ന ഒറ്റ കാരണത്താലാണ് അര്‍ണാബ് തന്നെ സംശയിച്ചിരുന്നതെന്ന് ശ്വേത വ്യക്തമാക്കി. അര്‍ണാബ് ഗോസ്വാമി തന്നെക്കുറിച്ച് സംശയം പ്രകടിപ്പിച്ച റിപ്പോര്‍ട്ടിങ് മാനേജര്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്വേത പറഞ്ഞു.
ആത്മാര്‍ത്ഥതയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നത് സഹിക്കാന്‍ പറ്റാത്തതു കൊണ്ടാണ് രാജിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
രാജി സംബന്ധിച്ച് ശ്വേതയുടെ വാക്കുകള്‍:
‘ഇക്കഴിഞ്ഞ ആഗസ്ത് 30ന് സ്ഥാപനത്തിലെ റിപ്പോര്‍ട്ടിങ് മാനേജര്‍ എന്റെയടുക്കലെത്തി. ശശി തരൂര്‍ ചാരപ്രവൃത്തിക്കായി എന്നെ ചുമതലപ്പെടുത്തിയെന്ന് അര്‍ണാബ് ഗോസ്വാമി സംശയിക്കുന്നതായി പറഞ്ഞു.
ഞാന്‍ അനുഭവിക്കുന്ന അപമാനത്തേക്കുറിച്ച് അര്‍ണാബിനോട് നേരിട്ട് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.’