ന്യൂഡല്‍ഹി: ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ ‘ഗൗരവ് യാത്ര’ സംബന്ധിച്ച് മോശം വാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടി.വി പരസ്യമായി മാപ്പു പറഞ്ഞു. റാലിക്കിടെ, തങ്ങളുടെ വനിതാ ന്യൂസ് എഡിറ്ററെ ജിഗ്‌നേഷ് മേവാനിയുടെ അനുയായി ശല്യം ചെയ്തുവെന്ന പേരില്‍ നടത്തിയ പ്രചരണത്തിന്റെ പേരിലാണ് റിപ്പബ്ലിക് ടി.വിക്കും അര്‍ണാബിനും മാപ്പു പറയേണ്ടി വന്നത്. തങ്ങള്‍ക്കു വേണ്ടി ജിഗ്നേഷിന്റെ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ശിവാനി ഗുപ്തയെ ‘ശല്യം ചെയ്യുന്നു’ എന്ന പേരില്‍ റിപ്പബ്ലിക് ടി.വി പുറത്തു വിട്ടത് എ.ബി.പി ന്യൂസ് ഹിന്ദിയുടെ റിപ്പോര്‍ട്ടര്‍ ജൈനേന്ദ്ര കുമാറിന്റേതാണെന്ന് തെളിഞ്ഞതോടെ റിപ്പബ്ലിക് ടി.വി പുലിവാല്‍ പിടിക്കുകയായിരുന്നു.
റാലിക്കിടെ ശിവാനി ഗുപ്തയും ജൈനേന്ദ്ര കുമാറും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഷ്വല്‍ ‘ജിഗ്നേഷിന്റെ തനിനിറം പുറത്ത്’ എന്ന പേരിലാണ് റിപ്പബ്ലിക് ടി.വി പുറത്തുവിട്ടത്. ശിവാനി ഗുപ്തയെ ‘ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട’ എന്നാണ് ജൈനേന്ദ്രയെ വിശേഷിപ്പിച്ചത്.
ജൈനേന്ദ്രക്കു പുറമെ പ്രമുഖ കോളമിസ്റ്റ് പ്രതിഷ്ഠാ സിങിന്റെ ഭര്‍ത്താവിനെയും റിപ്പബ്ലിക് ടി.വി ഗുണ്ട എന്നു വിശേഷിപ്പിച്ചു. ജിഗ്നേഷ് മേവാനിയുടെ റാലിയില്‍ പങ്കെടുത്ത അനുയായികളെന്നു തെറ്റിദ്ധരിച്ചായിരുന്നു അര്‍ണബിന്റെ ചാനലിന്റെ അഭ്യാസം മുഴുവനും. ഇതിന്റെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയുമോ എന്നുവരെ റിപ്പബ്ലിക് ടി.വി ചോദിച്ചു. ഇതിന്റെ പേരില്‍ രാത്രി ഒമ്പതു മണി ചര്‍ച്ച വരെ റിപ്പബ്ലിക് സംഘടിപ്പിച്ചു.
എന്നാല്‍, തങ്ങളുടെ റിപ്പോര്‍ട്ടറെ മോശമായി ചിത്രീകരിച്ച റിപ്പബ്ലിക് ടി.വിക്കെതിരെ എ.ബി.പി പരസ്യമായി രംഗത്തു വന്നതോടെ കഥ മാറി. ജൈനേന്ദ്ര കുമാറിനെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടി.വി മാപ്പു പറയണമെന്ന് ചാനല്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും അര്‍ണബിനെതിരെ രംഗത്തെത്തി.
പ്രതിഷേധം ശക്തമായതോടെ റിപ്പബ്ലിക് ടി.വി ലൈവ് സ്‌ക്രീനില്‍ മാപ്പപേക്ഷ നടത്തുകയായിരുന്നു. തങ്ങളുടെ വീഡിയോ എഡിറ്റര്‍ക്ക് തെറ്റു പറ്റിയതാണെന്നും മാപ്പു പറയുന്നതായും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ എ.ബി.പി ന്യൂസിലെ എഡിറ്റര്‍മാരെ വിളിച്ച് അര്‍ണബ് ഗോസ്വാമി മാപ്പു പറഞ്ഞിട്ടുണ്ടെന്നും ചാനല്‍ എഴുതിക്കാണിച്ചു.