സിഡ്‌നി: ഒളിംപിക് സ്റ്റേഡിയത്തിലെ 77,060 കാണികള്‍ സാക്ഷി…. ഫുട്‌ബോള്‍ ലോകം സാക്ഷി-റഷ്യയില്‍ പന്ത് തട്ടാന്‍ ഓസ്‌ട്രേലിയക്കാര്‍ യോഗ്യത നേടിയിരിക്കുന്നു. വടക്കേ അമേരിക്കക്കാരായ ഹോണ്ടുറാസിനെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ 3-1ന് തരിപ്പണമാക്കിയാണ് കങ്കാരുക്കള്‍ ടിക്കറ്റ് സ്വന്തമാക്കിയത്. നായകന്‍ മിലെ ജേദിനിക്കാണ് ടീമിന്റെ മൂന്ന് ഗോളും സ്വന്തമാക്കിയത്. ദീര്‍ഘകാലമായി പരുക്കില്‍ വലഞ്ഞ നായകന്റെ ഹാട്രിക് തിരിച്ചുവരവ് കാണികളും ആഘോഷമാക്കിയപ്പോള്‍ റഷ്യന്‍ പ്ലേ ഓഫ്് ചിത്രം ഏകദേശമായി. 31 ടീമുകളാണ് ഇതിനകം യോഗ്യത നേടിയത്. മുപ്പത്തിരണ്ടാമത്തെ ടീം ആരാണെന്ന് വ്യാഴാഴ്ച്ചയറിയാം. അവസാന പ്ലേ ഓഫ് പോരാട്ടത്തില്‍ കിവീസും പെറുവും കളിക്കുന്നുണ്ട്. പ്ലേ ഓഫ് വഴി യൂറോപ്പില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡും (ഉത്തര അയര്‍ലാന്‍ഡിനെ 1-0 ത്തിന് പരാജയപ്പെടുത്തി) ക്രൊയേഷ്യയും (ഗ്രീസിനെ 4-1ന് തോല്‍പ്പിച്ചു), സ്വീഡനും (ഇറ്റലിയെ ഒരു ഗോളിന് കീഴടക്കി), ഡെന്മാര്‍ക്കും (റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡിനെ 5-1ന് കീഴടക്കി) നേരത്തെ ടിക്കറ്റ് നേടിയിരുന്നു.
സിഡ്‌നിയില്‍ ജെദിനാക്കിന്റെ ദിനമായിരുന്നു. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിന് ശേഷം ഓസ്‌ട്രേലിയക്ക് അനുകൂലമായിരുന്നു കാര്യങ്ങള്‍. സ്വന്തം മൈതാനത്ത് നിര്‍ണായക മല്‍സരം കളിക്കാനുള്ള അവസരം കൈവന്നു. സിഡ്‌നിയിലെ കാണികള്‍ ആര്‍ത്തു വിളിച്ചപ്പോള്‍ സ്വതസിദ്ധമായ സൂപ്പര്‍ ഫ്രീകിക്കിലുടെ ജെദിനാക് തുടക്കത്തിലേ കാണികളെ ഉന്മാദരാക്കി. ഹോണ്ടുറാസ് ഡിഫന്‍ഡര്‍ ബ്രയന്‍ അക്കോസ്റ്റയുടെ പിഴവില്‍ ലഭിച്ച പെനാല്‍ട്ടിയിലുടെ ജെദിനാക് രണ്ടാം ഗോളും നേടി. മല്‍സരത്തിന്റെ അവസാനത്തില്‍ വീണ്ടും ഓസ്‌ട്രേലിയക്ക് അനുകൂലമായി പെനാല്‍ട്ടി കിക്ക് ലഭിച്ചപ്പോള്‍ ജെദിനാക് സുന്ദരമായി ഹാട്രിക് പൂര്‍ത്തിയാക്കി. മെയ്‌നര്‍ ഫിഗോറയുടെ വകയായിരുന്നു ഹോണ്ടുറാസിന്റെ ആശ്വാസ ഗോള്‍.
യൂറോപ്യന്‍ പോരാട്ടത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡിനെ ഡാനിഷ് പട കശക്കിക്കളഞ്ഞു. ഇവിടെയും ഒരു ഹാട്രിക് തിളക്കമുണ്ടായിരുന്നു. കൃസ്റ്റ്യന്‍ എറിക്‌സണായിരുന്നു ഗോള്‍ വേട്ടക്കാരന്‍. 5-1 നായിരുന്നു അവരുടെ വിജയം. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഫ്രീകിക്കില്‍ നിന്നും ഷാനെ ഡഫി ഐറിഷ് സംഘത്തെ മുന്നിലെത്തിച്ചു. പക്ഷേ സ്വന്തം വലയില്‍ വീണ ആ ഗോള്‍ ഡാനിഷ്് സംഘത്തെ പ്രകോപിതരാക്കി. ആന്‍ഡ്രിയാസ് ക്രിസ്റ്റനാണ് ഡാനിഷ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൃസ്റ്റിയന്‍ എറിക്‌സണ്‍ പിറകെ ലീഡ് നേടി. രണ്ടാം പകുതിയില്‍ എറിക്‌സണ്‍ തന്നെ വീണ്ടും ഡാനിഷ് കരുത്തിന് തെളിവായി തന്റെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. പിറകെ മറ്റൊരു തകര്‍പ്പന്‍ ഗോളുമായി ടോട്ടനം താരം തന്റെ ഹാട്രിക്കും തികച്ചതോടെ ഐറിഷ് പ്രതീക്ഷകള്‍ അസ്തമിച്ചു. പെനാല്‍ട്ടി കിക്കില്‍ നിന്നും നിക്കോളാസ് ബെന്‍ഡാര്‍ ടീമിന്റെ അഞ്ചാം ഗോളും സ്‌ക്കോര്‍ ചെയ്തു.