ദുബൈ: ഒരു നാടിന്റെ വളര്‍ച്ചയുടെ ഊക്കും ഉശിരും കാണാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 വരെ പോയി നോക്കിയാല്‍ മതി. ദുബൈ എന്ന നഗരം പിന്നിട്ടു വന്ന വഴികളെ കലാ നിര്‍മിതികളിലൂടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടുത്തെ ആഗമന ഭാഗത്ത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും തിരക്കേറിയതും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ ദുബൈ എയര്‍പോര്‍ട്ടിന്റെ ഇന്നത്തെ നിലവാരവും പഴയ ദുബൈയുടെ ജീവിത വ്യവഹാരങ്ങളും തമ്മിലുള്ള ദൂരം പെട്ടെന്നു കണ്ണില്‍പ്പെടും. അതേസമയം, വളരെ കുറഞ്ഞ കാലം കൊണ്ടാണ് ദുബൈ ഈയൊരു വളര്‍ച്ച കൈവരിച്ചത് എന്ന കൗതുകം ബാക്കിയാകുകയും ചെയ്യും.
വിവിധ സ്റ്റാളുകളിലായാണ് പഴയ കാലത്തെ പ്രധാന വ്യവഹാരങ്ങള്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ സഹിതം നിര്‍മിച്ചിട്ടുള്ളത്. പലചരക്കു കട, പാത്രക്കട, തുണി നെയ്ത്ത് കുടില്‍ വ്യവസായം, മത്സ്യബന്ധനം, ഗോഡൗണ്‍ തുടങ്ങി ഈ നാട് പിന്നിട്ട ജീവിത രീതികളെ മനോഹരമായി ചിത്രീകരിച്ചുവെച്ചതായി കാണാം. ഇതിന്റെ വിശദീകരണം സമീപത്ത് എഴുതിവെച്ചിട്ടുമുണ്ട്.
നേരത്തെ, സമാനമായ കലാ നിര്‍മിതികള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തിരുന്നു.
ഇതോടെ, ദുബൈ നഗരത്തിലേക്ക് വിമാനമിറങ്ങി വരുന്നവര്‍ക്ക് ദുബൈ കൈവരിച്ച വളര്‍ച്ചയുടെ വേഗവും ഉയരവും മനസിലാക്കാന്‍ സാധിക്കും. അധ്വാനിച്ചു വളര്‍ന്ന ഒരു തലമുറയുടെ സുകൃതമാണ് ഇങ്ങനെയൊരു നഗരമായിത്തീര്‍ന്നത് എന്ന സന്ദേശമാണ് കലാ നിര്‍മിതി നല്‍കുന്നത്.