പാരീസ്: കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും. ഈ മാസത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഫ്രീ ഏജന്റ് എന്ന നിലയില്‍ എങ്ങോട്ട് എന്ന തീരുമാനം മെസിക്ക് തന്നെ കൈകൊള്ളാം. അദ്ദേഹത്തിനിഷ്ടം പഴയ ക്യാമ്പായ ബാര്‍സിലോണ തന്നെ. പക്ഷേ ഇത് വരെ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം വന്നിട്ടില്ല. അതിനാല്‍ തന്നെ കാത്തിരിക്കാന്‍ അര്‍ജന്റീനക്കാരന്‍ ഒരുക്കമല്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ വ്യക്തമായ കരാറുമായി സഊദി ക്ലബായ അല്‍ ഹിലാലാണ് രംഗത്ത്. അവര്‍ രേഖാമൂലം തന്നെ മെസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റിയാദില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഹിലാല്‍ ക്ലബ് സഊദി സര്‍ക്കാരിനെ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മെസി വരുകയാണെങ്കില്‍ ഔദ്യോഗികമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ സഊദി അറേബ്യ ഒരുക്കമാണ്. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ നിന്നും ഓഫറുണ്ട്. അതില്‍ വ്യക്തത കുറവുണ്ട്. ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ട ശേഷം രണ്ട് വര്‍ഷത്തേക്ക് മെസിയെ ബാര്‍സക്ക് കൈമാറാനുള്ള ആലോചനകളും അതിനിടെ നടന്നിരുന്നു. അതും എങ്ങുമെത്തിയിട്ടില്ല. നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോള്‍ ബാര്‍സക്ക് മെസിയെ വാങ്ങാന്‍ കഴിയില്ല. സാമ്പത്തിക ബില്‍ വെട്ടിക്കുറക്കാനാണ് ലാലീഗ മാനേജ്‌മെന്റ് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ വന്‍വിലക്ക് മെസിയെ സ്വീകരിക്കുക അസാധ്യം. പിന്നെ ആകെയുള്ള വഴിയാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബായ മിയാമിയുമായുളള ധാരണ. ഇക്കാര്യത്തില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മെസി ക്യാമ്പ് സംതൃപ്തരല്ല.
പി.എസ്.ജിയില്‍ തുടരില്ല എന്ന കാര്യം ഉറപ്പായതിനാല്‍ പുതിയ താവളം പ്രഖ്യാപിക്കാന്‍ വൈകില്ലെന്നാണ് മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജ് മെസി വ്യക്തമാക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ മാധ്യമങ്ങള്‍ അവാസ്തവങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സത്യം എല്ലാവരെയും അറിയിക്കാമെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ബാര്‍സയോട് താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴും മെസിയെ നിരാശനാക്കുന്നത് ക്ലബില്‍ നിന്നുള്ള ക്ഷണം വൈകുന്നതാണ്. കോച്ച് സാവി നിരന്തരം സംസാരിക്കുന്നത് മെസിയെക്കുറിച്ചാണ്. ക്ലബിന്റെ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടയും ഇക്കാര്യം ആവര്‍ത്തിക്കുന്നു. പക്ഷേ ഔദ്യോഗികമായി ക്ഷണം ആരും നല്‍കിയിട്ടില്ല. ഇതിന് കാരണം സാമ്പത്തിക കാര്യങ്ങളാണ്. ഇത്തവണ ലാലീഗ കിരീടം സ്വന്തമാക്കി കരുത്ത് തെളിയിച്ചിട്ടുണ്ട് ബാര്‍സ. മെസി തിരികെ വരുന്ന സാഹചര്യമുണ്ടായാല്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ വലിയ കിരീടങ്ങള്‍ സ്വന്തമാക്കാനുമാവും. മെസിക്ക് ബാര്‍സ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സാവി പറയുമ്പോള്‍ അതെങ്ങനെ എന്നത് വ്യക്തമല്ല. സ്വന്തം പ്രതിഫലം മെസി വലിയ തോതില്‍ കുറക്കണമെന്നതാണ് സാവി ഉദ്ദേശിക്കുന്നതെങ്കില്‍ മെസി ക്യാമ്പിനെ മോഹിപ്പിക്കുന്നത് സഊദിയാണ്. എന്തിനും തയ്യാറായി സഊദിയും അല്‍ഹിലാലും നില്‍ക്കുമ്പോള്‍ മോഹിപ്പിക്കുന്ന മറ്റൊരു ഓഫര്‍ സഊദി നല്‍കുന്നത് അഡിഡാസ്, ആപ്പിള്‍ എന്നിവരുമായി ബന്ധപ്പെട്ടാണ്. ഹിലാല്‍ നല്‍കുന്ന പ്രതിഫലം കൂടാതെ വന്‍കിട കമ്പനികളുടെ പിന്തുണയുമാവുമ്പോള്‍ വലിയ കാശാണ് മുന്നില്‍. പക്ഷേ മെസിയുടെ ഭാര്യയും കുട്ടികളും യൂറോപ്പില്‍ തന്നെ തുടരണമെന്ന നിലപാടിലാണ്.
ബെന്‍സീമ റയല്‍ വിടുന്നു
മാഡ്രിഡ്: 647 മല്‍സരങ്ങളില്‍ നിന്നായി റയല്‍ മാഡ്രിഡിനായി 353 ഗോളുകള്‍ സ്വന്തമാക്കിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സാന്‍ഡിയാഗോ ബെര്‍ണബു വിടുന്നു. സഊദി പ്രോ ലീഗില്‍ പഴയ കുട്ടുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പമായിരിക്കും ഇനിയുള്ള നാളുകളില്‍ കരീമെന്നാണ് സൂചന. 14 വര്‍ഷമായി അദ്ദേഹം ബെര്‍ണബുവിലുണ്ട്. റൊണാള്‍ഡോ -സിദാന്‍ സംഘത്തിലെ പ്രധാനിയായി തിളങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡോ യുവന്തസിലേക്ക് പോയപ്പോള്‍ റയലിന്റെ പ്രധാന സ്‌ട്രൈക്കറായി മാറി. നിലവില്‍ റയല്‍ ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരിലെ പ്രധാനികളിലൊരാളായാണ് 35 കാരന്‍ കളം മാറുന്നത്.
ഇത്തവണ റയലിനായി ഗോള്‍ വേട്ട നടത്തിയിട്ടും മേജര്‍ കിരീടങ്ങള്‍ ടീമിന് ലഭിച്ചിരുന്നില്ല. ലാലീഗ കിരീടം ബാര്‍സ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായിരുന്നു. പക്ഷേ ലാലീഗയില്‍ റയലിന് ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഞായറാഴ്ച്ച സ്വന്തം വേദിയില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ. ഈ മല്‍സരത്തില്‍ ബെന്‍സേമ കളിക്കുമോ എന്നുറപ്പില്ല. പരുക്കില്‍ ചികില്‍സ തേടി അദ്ദേഹം വിശ്രമത്തിലാണ്. കരീം പോവുന്നതോടെ റയലിന്റെ മുന്‍നിരയില്‍ കരുത്തര്‍ കുറയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ഹാരി കെയിനെയാണ് പകരക്കാരനായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി നോക്കുന്നത്.