ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍. മുന്‍ ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയില്‍ തുടരുന്നത് ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധാക്കയില്‍ തന്റെ വസതിയില്‍ വെച്ച് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളുടെ കണക്കുകള്‍ വസ്തുത വിരുദ്ധമാണ്. കാരണം മിക്ക സംഭവങ്ങളും വര്‍ഗീയ പ്രക്ഷോഭങ്ങളല്ല മറിച്ച് രാഷ്ട്രീയ പ്രേരിതമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആഭ്യന്തര കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.
ഒപ്പം ബംഗ്ലാദേശിലെ ജനങ്ങളെ മനസിലാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും അത് ന്യൂദല്‍ഹിയുടെ നയതന്ത്ര പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഹസീനയെ ബംഗ്ലാദേശിന് കൈമാറ്റം ചെയ്ത് ഇന്ത്യ-ബംഗ്ലാ ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കേണ്ടത് നിര്‍ണായകമാണെന്ന് ആലംഗീര്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് ഹസീനയുടെ തിരിച്ചുവരവ് ഇന്ത്യ ഉറപ്പാക്കിയില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകുമെന്നും ആലംഗീര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയ്ക്കെതിരെ ഇപ്പോള്‍ത്തന്നെ ബംഗ്ലാദേശിലെ ജനരോഷമുണ്ട്. കാരണം ഇന്ത്യയെ ഞങ്ങളുടെ ജനങ്ങള്‍ ഏകാധിപത്യ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പിന്തുണക്കാരനായാണ് കാണുന്നത്. നിങ്ങള്‍ ബംഗ്ലാദേശില്‍ ആരോടെങ്കിലും ചോദിച്ചാല്‍, അവര്‍ പറയും, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയത് ശരിയായില്ല എന്ന്,’ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഔട്ട് ക്യാമ്പൈനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശില്‍ പ്രകടമായ എതിര്‍പ്പുണ്ടെന്നും ആലംഗീര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഒരു പ്രവര്‍ത്തനവും ബി.എന്‍.പി ബംഗ്ലാദേശില്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിനോട് ഹസീനയെ കൈമാറുന്നതിനായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഔപചാരികമായ അഭ്യര്‍ത്ഥന അയച്ചിരുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ‘സുരക്ഷാ കാരണങ്ങളാലാണ് ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയിലെത്തിയത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ല,’ ജയ്സ്വാള്‍ പറഞ്ഞു.