X

സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാനായി ഇഡി ആശുപത്രിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ വി.ബാലാജിയെ എട്ടു ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിടാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഹൃദ്രോഗ ചികിത്സയില്‍ കഴിയുന്ന സെന്തിലിനെ ആശുപത്രിയില്‍ വച്ചുതന്നെ ഇ.ഡി ചോദ്യം ചെയ്യുമെന്നാണു വിവരം.

സെന്തിലിന്റെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്‍. എന്‍.രവി അനുമതി നല്‍കിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്. വകുപ്പില്ലാമന്ത്രിയായി സെന്തിലിനു തുടരാനാകില്ലെന്നു ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സെന്തില്‍ രാജിവയ്‌ക്കേണ്ടി വന്നേക്കും. സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം സെന്തില്‍ ബാലാജിയുടെ ബൈപാസ് സര്‍ജറി എത്രയും വേഗത്തില്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്തിലിനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന കാവേരി ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രിയാണ് മന്ത്രിയെ ചെന്നൈയിലെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ദനായ എആര്‍ രഘുറാമടങ്ങുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. സംഘം സെന്തില്‍ ബാലാജിയെ എത്രയും നേരത്തെ ശസ്ത്രക്രിയയ്ക്ക് വേണമെന്ന് അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. 2015ല്‍ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ കോഴ വാങ്ങിയെന്നാണ് കേസ്.

webdesk11: