X
    Categories: indiaNews

ഗെലോട്ട് അധ്യക്ഷനായാല്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെലോട്ട് സന്നദ്ധത അറിയിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ ഒന്നു കൂടി ആവശ്യപ്പെടുമെന്ന് ഗെലോട്ട് പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കമല്‍നാഥും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശശി തരൂര്‍, ദിഗ് വിജയ് സിങ് എന്നിവരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മനീഷ് തിവാരി, പൃഥിരാജ് ചവാന്‍, മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ എന്നിവരുടെ പേരുകളെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

Test User: