ഛത്തീസ്ഗഢില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജാപൂര്‍ ജില്ലയില്‍ ഇന്നലെയാണ് പ്രാദേശിക വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ ആയ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി ഒന്നുമുതല്‍ മുകേഷിനെ കാണാതായിരുന്നു. തുടര്‍ന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്.
ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട 120 കോടി രൂപ വകയിരുത്തിയ അഴിമതിയെ കുറിച്ച് മുകേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് നിര്‍മാണത്തിന്റെ കരാറുകാരനായ കോണ്‍ട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാര്‍ത്ത നല്‍കിയത്. വാര്‍ത്തക്ക് പിന്നലെ കോണ്‍ട്രാക്ടറെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ കാണാതായത്.
ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. മുകേഷിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോണ്‍ട്രാക്ടറുടെ സഹോദരന്‍ റിതേഷ് മുകേഷിനെ കണ്ടതായി യുകേഷ് പൊലീസിനെ അറിയിച്ചു. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊക്കാലിറ്റിയിലുള്ള വാട്ടര്‍ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.