X
    Categories: indiaNews

2027 ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്

അന്തരീക്ഷ മലനീകരണം തടയുന്നതിനായി 2027ഓടെ ഡീസലില്‍ ഓടുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേഷക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ 80 ശതമാനവും ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും സി.എന്‍.ജി, എല്‍.എന്‍.ജി പോലുള്ള ഇന്ധനങ്ങളിലേക്കും ഇലക്ട്രിക്ക് കരുത്തിലേക്കും മാറണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 6.2 ശതമാനം സി.എന്‍.ജി വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030 ഓടെ ഇത് 15 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യം.

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിരിക്കുന്നത്. ഇതിനായി നാല് വര്‍ഷമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം നഗരങ്ങളില്‍ ഡീസലിന് പകരമായ ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ ഉപയോഗിക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2024 മുതല്‍ ഡീസല്‍ ബസുകള്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായ നിര്‍ദേശമാണ്.

webdesk13: