X

വിവാദം പുകയുന്നു: ജയ് ഷാക്കെതിരായ അഴിമതിയാരോപണം: കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്‌മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുവന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി വിവധ രാഷ്ട്രീയ പാര്‍ടി നേതാക്കളും രംഗത്തെത്തി.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ അമിത്ഷായുടെ മകന് ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയാവുകയായിരുന്നു. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനോട് പ്രതികരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ന്നതലത്തില്‍ തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്, അമിത് ഷായുടെ മകന്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തുകൊണ്ട് വളരെ രഹസ്യമായ രീതിയില്‍ ധനം സമ്പാദിക്കുകയായിരുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

” നോട്ടുനിരോധനത്തിന്റെ യതാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് നമ്മള്‍ അവസാനം കണ്ടെത്തിയിരിക്കുന്നു. അത് ആര്‍ബിഐയോ പാവങ്ങളോ കര്‍ഷകരോ അല്ല. നോട്ടുനിരോധനത്തിന്റെ ഷാ-ഇന്‍ ഷാ ആയ ജയ് അമിത് ഷായാണ്.” എന്നായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. റിപോര്‍ട്ടിനെ ആധാരമാക്കി സിപിഐഎം, എ.ഏ.പി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി എന്നിവര്‍ ബിജെപിയേയും അമിത് ഷായേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയ് ഷാക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വസ്തുക്കളോ ആസ്തിയോ ഇല്ലാത്ത കമ്പനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 80.5 കോടി രൂപ ലാഭം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നും പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് ‘വ്യാജമാണ്’ എന്നും ‘അപകീര്‍ത്തികരമാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. റിപ്പോര്‍ട്ട് എഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കും വെബ്‌സൈറ്റ് ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും നേരെ അപകീര്‍ത്തിപ്പെടുത്തിയത്തിനു ക്രിമിനല്‍ കേസ് നല്‍കും എന്നായിരുന്നു അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ പ്രതികരണം. അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമകള്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്ക് നേരെ നൂറു കോടിരൂപയുടെ കേസ് നല്‍കുമെന്നും ജയ് അമിത് ഷാ അറിയിച്ചു.

അതിനിടയില്‍ ജയ് അമിത് ഷായെ പിന്തുണച്ചുകൊണ്ട് റെയില്‍വേ മന്ത്രി പിയുഷ് ഗോയാലും മുന്നോട്ടുവന്നു. തികച്ചും നിയമമാനുശാസിക്കുന്ന രീതിയിലാണ് ജയ് ഷായുടെ കച്ചവടം എന്നും അദ്ദേഹത്തിനെതിരെ നടക്കുന്നത് പൊള്ളയായ അപകീര്‍ത്തിപ്പെടുത്തല്‍ ആണ് എന്നുമായിരുന്നു പിയുഷ് ഗോയല്‍ പറഞ്ഞത്. ”നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വ്യവസായത്തിനു നഷ്ടം സംഭവിക്കുകയും ഒക്ടോബര്‍ 2016 ഓടു കൂടി അത് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു.” എന്നും പിയുഷ് ഗോയാല്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ ഗോയലിന് മറുപടി നല്‍കാന്‍ വീണ്ടും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഒരു കേന്ദ്രമന്ത്രി എന്തിനാണ് ഒരു സ്വകാര്യവ്യക്തിയെ ഇതുപോലെ പ്രതിരോധിക്കുന്നത് എന്നും ആരാഞ്ഞു. എന്തായലും ഇതൊരു രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിയേയും അമിത്ഷായേയും പ്രിതികൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ടികളുടെ നീക്കം
.

chandrika: