ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ആലോചന. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ചചെയ്യാനായി ആഗസ്റ്റ് 8ന് വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് നേതൃനിരയിലെ സുപ്രധാന മാറ്റത്തെ സംബന്ധിച്ച വിവരം ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ പ്രിയങ്കയെ സംബന്ധിച്ച് നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നേദിവസത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടിയിലെ നേതൃനിരയിലെ മാറ്റത്തെ സംബന്ധിച്ച് സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആശയവിനിമയത്തിനിടെ സോണിയ ഗാന്ധി തന്നെയാണ് പ്രിയങ്കയെ കുറിച്ചുള്ള ചര്‍ച്ച മുന്നോട്ട് വെച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡന്റാക്കിക്കൂടെ, എന്ന് സോണിയ ചോദിച്ചതായും ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.