X
    Categories: Article

സി.രവിചന്ദ്രനും പട്ടിയും

ശുഐബുല്‍ ഹൈത്തമി
സി .രവിചന്ദ്രൻ കെട്ടിവലിക്കപ്പെട്ട പട്ടിയുടെ ചങ്ങലയിൽ ഉസാമാലാദനെ ചേർത്ത് അതിനെപ്പിന്നെ ഇസ്ലാമിനോട് കൂട്ടിക്കെട്ടിയ കുറിപ്പ് കണ്ടു.
( See C.Box)
നാസ്തികച്ചട്ടണിഞ്ഞ് ഇസ്ലാം വിമർശനം നടത്തുന്നവർക്ക് മറുപടി പറയാൻ ഇറങ്ങുന്ന ഒരാൾ തുടക്കത്തിൽ അക്കൂട്ടത്തിലെ എല്ലാവർക്കും മറുപടി കൊടുക്കും.
ക്രമേണെ , അവരിലെ ഓരോരുത്തരും അർഹിക്കുന്നതിൻ്റെ പരമാവധി എഴുതിത്തള്ളപ്പെടലാണ് എന്ന് ഘട്ടം ഘട്ടമായി തിരിച്ചറിയും ,ഏകദേശം അവാസന റൗണ്ട് വരെ വികിപീഡിയയുടെയും ക്വോറ ഡോട്ട് ഇൻ ൻ്റെയും മാത്രം സഹായത്തോടെ എതിർപക്ഷക്കാർക്കിടയിൽ മതിപ്പ് നിലനിർത്തുന്ന പ്രഛന്നവേഷധാരിയാണ് ഈ സി .രവിചന്ദ്രൻ . പക്ഷെ , അദ്ദേഹം പതിറ്റാണ്ടുകൾ കൊണ്ട് പറഞ്ഞവയിലൂടെ തിരിച്ച് സഞ്ചരിച്ചാൽ , അത് താൻ തന്നെയല്ലയോ എന്നാവും വർണ്ണമില്ലാത്ത ആശങ്ക .
വിഷയങ്ങൾക്ക് വിശദീകരണം സാർവ്വജനീനമായ യാഥാർത്ഥ്യമാണല്ലോ ,പറയാം .
പട്ടി, പടച്ചവൻ പടച്ച പ്രിയപ്പെട്ട ജീവിയാണ്. വിശ്വാസിയായ പ്രപഞ്ചത്തിലെ ആദരണീയരായ അംഗങ്ങളാണവയെല്ലാം .
സോദ്ദേശ്യത്തോടെയേ പടച്ചവൻ പടച്ചതിനെയെല്ലാം പടച്ചിട്ടുള്ളൂ. സർജ്ജന ക്രിയകളുടെ തമ്പുരാന്റെ കരവിരുതിൽ രൂപം പൂണ്ട പട്ടിയെ പട്ടിയല്ലാത്ത ജീവികളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കണം. ശിൽപ്പിയോടുള്ള ആദരവിന്റെ ഭാഗമാണ് ശിൽപ്പത്തോടുള്ള ഇഷ്ടവും.
നാഥാൻ ഹോഫർ Nathah Hofer സൂഫീ സാഹിത്യങ്ങളിലെ നായരൂപകങ്ങളെ സംബന്ധിച്ച് നടത്തിയ പഠനമാണ് വായിക്കപ്പെടേണ്ട ഒന്ന് . ഇതാണത് ,
ഖുർആൻ ,പ്രവാചക വചനം ,സൂഫീ സാഹിത്യം എന്നീ മതാക്ഷരത്രയങ്ങളിലും പ്രധാന കഥാപാത്രം തന്നെയാണ് നായ. രൂപകങ്ങളായും അലങ്കാര വർണ്ണനകളായും നായ വന്നിട്ടുണ്ട്. ഇബ്നുൽ മർസബാൻ നായകളെ മഹത്വവൽക്കരിച്ച കൊണ്ട് എഴുതിയ ഗ്രന്ഥമാണ് – കിതാബു ഫള്ലിൽ കിലാബി മിമ്മൻ ലബിസസ്സിയാബ് – كتاب فضل الكلاب ممن لبث الثياب
” പട്ടിനേക്കാൾ ഭേതമാണ് പട്ടി ” എന്നാക്കാം മലയാളം .
നഥാൻ ഹോഫർ അതിലെ ഒരുദ്ധരണിയാണ് മുഖവചനമാക്കിയിരിക്കുന്നത്.
” മനുഷ്യർ പന്നികളേക്കാൾ അധ:പതിച്ചിരിക്കുന്നു ,നിങ്ങൾ വല്ല നായയെയും കണ്ടുമുട്ടുകയാണെങ്കിൽ അതിനെ നെഞ്ചോട് ചേർത്തുക ” . സ്വർഗസ്ഥരായ മനുഷ്യരെ നായയോട് ഉപമിക്കുന്ന വചനമാണത്. ഖുർആൻ കഥയിലെടുത്ത ഗുഹാവാസികൾക്ക് (അസ്ഹാബുൽ കഹ്ഫ്) കാവൽ നിന്ന നായ- ഖിത്മീർ സ്വർഗത്തിലുണ്ടാവും എന്നാണ് നബിവചനം. ആ ഉപമയാണീ നായപ്രയോഗം .
എറണാകുളം, മാടവനയിലെ ഒരു സൂഫീസാത്വികൻ ഏറ്റവും പ്രിയപ്പെട്ടവരെ വിളിച്ചിരുന്നത് ” നായിന്റെമോനേ “
എന്നായിരുന്നു എന്ന് കേട്ട് പറയുന്നവർ പറയുന്നത് കേട്ടിട്ടുണ്ട്.
സ്വർഗത്തിലെ നായയുടെ കൂട്ടുകാരാ എന്നായിരുന്നു ഉദ്ദേശ്യം .
ആ സംബോധനയാൽ ധന്യരാവാൻ വേണ്ടി അകലങ്ങൾ അദ്ദേഹത്തിലേക് കെട്ടും കെട്ടി വരാറുണ്ടായിരുന്നുവത്രെ.
പട്ടിയെ മൂന്നിടങ്ങളിൽ ഖുർആൻ പറയുന്നുണ്ട്. ഒന്ന് അപ്പറഞ്ഞ സ്വർഗസ്ഥ ‘നായ ‘ .
മറ്റൊന്ന് സിംപോളിക്കാണ്. അഅ’റാഫ് 176 ൽ ചിന്താപരമായ വാമനത്വം ഉദാഹരിക്കാൻ
‘ തല്ലേറ്റാലും തലോടലേറ്റാലും നാവും നീട്ടി നായയെപ്പോലെ മൊയന്തടിച്ച് നിൽക്കുന്ന നായയെ ‘ കാണാം. അധ്യായം മാഇദയുടെ നാലാം വചനത്തിൽ വേട്ടപ്പട്ടി ഇടം പിടിച്ചിട്ടുണ്ട്.
സൂഫീ സാഹിത്യങ്ങളിൽ ഗുണപരമായ ഗുണങ്ങൾക്കും ദോശകരമായ ഗുണങ്ങൾക്കും വേണ്ടിയുള്ള ഉപമയാവുന്നുണ്ട് നായ . ഖാസിം ബിൻ ഖുശൈരിയുടെ വിശ്വവിഖ്യാദമായ രിസാലതുൽ ഖുഷൈരിയിൽ ഹവന്നഫ്സ് എന്ന മദോന്മത്തഭ്രമത്തെ നായയോടാണ് ഉപമിച്ചത്.
ഇമാം ഗസ്സാലി റ വും ‘ഹവ’ നായയെ പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ലെക്കും ലെഗാനുമില്ലാതെ തെക്കുവടക്ക് മണ്ടിപ്പായുന്ന പട്ടിയും നൂലറ്റ പട്ടം പോലെ പട്ടിയാവുന്ന ഉടലിന്റെ മാംസദാഹവും സമം തന്നെയാണെന്ന് ഇബ്നു നൂഹിന്റെ അൽ വാഹിദിലും കാണാം. പട്ടിയുടെ ചിത്രം പതിച്ച പുരയിൽ കാവൽമാലാഖ വരില്ല എന്ന നബിയോക്തിയിലെ പട്ടിപ്പുര , ഐഹികപ്രമത്തത പതിഞ്ഞ ഹൃദയമാണെന്ന് വായിച്ചവരും ഉണ്ട്.
എന്നാൽ നന്ദി ,ത്യാഗം ,സ്നേഹം, വിശ്വസ്തത തുടങ്ങിയ ഉദാത്ത ഗുണങ്ങൾ തുടങ്ങുന്നത് നായയിൽ നിന്നാണെന്ന് പറഞ്ഞ സൂഫികളും ഉണ്ട്. സൈനുദ്ധീൻ മഖ്ദൂം റ അവരിലൊരാളാണ്. പ്രായശ്ചിത്വത്തിന്റെ ആരംഭം പട്ടിക്ക് വെള്ളം കൊടുത്ത് പൊരുത്തം വാങ്ങലാണെന്ന് പ്രസ്തുത സംഭവം പറഞ്ഞ ഹദീസ് ഉദ്ദരിച്ച് അവരിൽ പലരും പറഞ്ഞിരിക്കുന്നു ,അതായത് പറഞ്ഞ് പോയിരിക്കുന്നു.
ആധ്യാത്മികമായിട്ടുള്ള നായയെ സംബന്ധിച്ച ആഖ്യാന വൈവിധ്യങ്ങൾ തന്നെയാണ് കർമ്മ ശാസ്ത്രപരമായും ഉള്ളത്.
ചുരുക്കത്തിൽ ഒരു നായ പോലും കേവലം നായയല്ല പ്രപഞ്ച സംവിധാനമായ ഇസ്ലാം മതത്തിൽ.
സി .രവിചന്ദ്രൻ ,പട്ടി ഇസ്ലാമിൽ അശുദ്ധമാണെന്ന സങ്കൽപ്പമാണ് ഇത്തരം ക്രൂരതകൾക്ക് പ്രേരണയാവുന്നത് എന്ന് തീർത്ത് പറയുമ്പോൾ ,അത് സെൽഫ് ഗോളാണ് എന്ന് തിരിച്ചറിഞ്ഞില്ല. കേരളത്തിലെ കോയമാരെ കളിയാക്കാൻ , പട്ടിയെ തിന്നാം ,പട്ടി അശുദ്ധമല്ല എന്ന ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ മാലികീധാര ഉദ്ധരിച്ച് നടക്കുന്ന അനുയായികൾ അദ്ദേഹത്തിന് തന്നെയുണ്ട്. ആ വാദം ശരിയാണ് താനും. നായ അശുദ്ധമല്ലെന്നാണ് മാലികീധാര .ഇമാം മാവർദി അദ്ദേഹത്തിൻ്റെ
‘അൽ ഹാവിൽ കബീറിൽ ‘ നായയെ ഭക്ഷിക്കാം എന്ന് നിരീക്ഷിക്കുന്നുണ്ട്. പക്ഷെ ,സി .രവിചന്ദ്രന് ശാഫീധാരയോടാണിഷ്ടം !
വിഷയത്തിൻ്റെ നിജസ്ഥിതി അറിയാൻ ആഗ്രഹിക്കുന്ന ,രവിചന്ദ്രനെ വിശ്വസിക്കുന്ന ഭക്തർ അറിയുക .
1 : നായ ഇസ്ലാമിൽ പുണ്യജീവിയാണ് .
2 : നായയിലെ ഗുണപരമായ വശങ്ങളും വിപരീത വശങ്ങളും ഖുർആൻ പരാമർശിക്കുന്നു .
3: ഇസ്ലാമിലെ ആധ്യാത്മിക ശാസ്ത്രത്തിൽ ഭൂരിഭാഗം ആചാര്യർക്കും നായ പോസിറ്റീവ് സിംപലാണ് .
4: സ്വർഗത്തിൽ പ്രവേശിക്കുമെന്നുറപ്പുള്ള മനുഷ്യേതര ജീവികളിൽ ഒന്ന് നായയാണ്.
5 : മഹാപാപി , ഒറ്റകൃത്യത്തിൽ പുണ്യാളനാവാൻ ഇടയായത് നായസ്നേഹമാണ് .
6: വേട്ടപഠിച്ച പട്ടി പിടിച്ച ജീവിയെ വേറെ പിന്നെ അറുക്കാതെ തിന്നാം എന്നാണ് നിയമം .ie പട്ടി പ്രമാണമാണ് .
6: അശുദ്ധം എന്ന് പദത്തിനർത്ഥം അകറ്റപ്പെടേണ്ടത് എന്നാണെന്ന ധാരണ രവിചന്ദ്രനിൽ ഉണ്ടാക്കിയത് ആളിൽ പ്രവർത്തിക്കുന്ന സവർണ്ണ രസമാവും.
ഇസ്ലാമിലെ അശുദ്ധിക്ക് , അംഗസ്നാനം ചെയ്യേണ്ടത് എന്നേ അർത്ഥം ഉള്ളൂ.
കൂടുതൽ പുണ്യം കിട്ടാൻ ,അശുദ്ധവാദികൾക്ക് ,നായയെ തൊട്ടുകൊണ്ടിരുന്ന് അംഗ സ്നാനം ചെയ്ത് കൊണ്ടിരുന്നാൽ മതി.
അവസാനമായി , സി .രവിചന്ദ്രന് ബുദ്ധിയില്ല എന്ന യാഥാർത്ഥ്യത്തിന് മറ്റൊരു കുറിമാനം പറയാം .ആളാക്കുറിപ്പിൽ പറയുന്നത് , ക്രൂരത ചെയ്യുന്ന മനുഷ്യരിൽ ഭൂരിഭാഗവും മതവിശ്വാസികളാണെന്നാണ്.
ലോക ജനസംഖ്യയിൽ 82 – 86 % മതവിശ്വാസികളാണ്. ബാക്കി , മതരഹിതരോ മതവിരുദ്ധരോ നിർമതമതക്കാരോ ആണ്.
വികിപീഡിയ നോക്കി ജീവിക്കുന്ന സി .രവിചന്ദ്രന് കണക്കുകളിൽ വിശ്വാസം ഉണ്ടാവും.
അദ്ദേഹം നവനാസ്തികനാണ് ,അതായത് മതവിരുദ്ധൻ ( സ്കാണ്ടിനോവിയക്കാർ മതരഹിതരാണ് ) . മതവിരുദ്ധർ എന്ന വിഭാഗം ആകെ ജനസംഖ്യയുടെ 10% ത്തിൽ ചുറ്റിപ്പറ്റിയേ ഉള്ളൂ. ഈ 10 % ജീവിതത്തിൽ ധർമ്മങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന് രസത്തിന് സങ്കൽപ്പിച്ചാൽത്തന്നെ ലോകത്ത് നന്മകൾ ചെയ്യുന്നവരുടെ നാലിലൊന്ന് തികയില്ല .
ക്രൂരത ചെയ്യുന്നവരിൽ കൂടുതൽ മതവിശ്വാസികളാവാൻ അവരിലെ 10 .01% ശതമാനം മതി. ഈ നെഗ്റ്റീവ് പദവിയിൽ മതവിശ്വാസികൾ എത്തുമ്പോൾ 100 % മതവിരുദ്ധരും ക്രൂരരന്മാരാവും എന്നതാണ് മറുപുറം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: