X

പ്രശസ്ത ഭക്തിഗായകന്‍ കനയ്യ മിത്തല്‍ കോണ്‍ഗ്രസില്‍ ചേരും

ഹിന്ദു ഭക്തി ഗായകന്‍ കനയ്യ മിത്തല്‍ കോണ്‍ഗ്രസില്‍ ചേരും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കനയ്യ പാടിയ ‘ജോ രാം കോ ലായെ ഹേ’ ഗാനം ബി.ജെ.പി ഇത്തവണ വ്യാപകമായി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു കനയ്യ മിത്തല്‍. ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ അദ്ദേഹം പുറത്തായിരുന്നു.

ബിജെപി അവഗണയില്‍ പ്രതിഷേധിച്ചാണ് കനയ്യ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണു സൂചന. എന്നാല്‍, ബിജെപിയുമായി ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമമായ ‘എബിപി ലൈവി’നോട് പ്രതികരിച്ചു. ഇതുവരെയും ഞാന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട വിനേഷ് ഫോഗട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതു കണ്ടാണ് എനിക്കും ഇത്തരമൊരു ആലോചനയുണ്ടായത്. വിനേഷിനെ പിന്തുണയ്ക്കാനായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കനയ്യ പറഞ്ഞു.

എല്ലാവരും കോണ്‍ഗ്രസില്‍ ചേരേണ്ട ഒരു സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. വരുംതലമുറയ്ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലുള്ളവരെല്ലാം രാമന്റെ വിമര്‍ശകരല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ രാമനെ സ്നേഹിക്കുന്നവരുമുണ്ട്. സനാതന ധര്‍മക്കാരും അവിടെയുണ്ട്. എല്ലാവരും സനാതനക്കാരാകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും കനയ്യ മിത്തല്‍ പറഞ്ഞു.

webdesk13: