X

റേഷന്‍ കാര്‍ഡ് പുതുക്കല്‍; ബി.പി.എല്‍ തീരുമാനിക്കുന്നത് 16 വര്‍ഷം മുമ്പുള്ള പട്ടിക മാനദണ്ഡമാക്കി

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി പരിഗണിക്കുന്ന ബി.പി.എല്‍ പട്ടിക പതിനാറ് വര്‍ഷം മുമ്പ് തയാറാക്കിയത്. 2006ല്‍ തയ്യാറാക്കിയ പട്ടിക 2009 ലാണ് പുറത്തിറക്കിയത്. ഈ പട്ടിക മാനദണ്ഡമാക്കിയാല്‍ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരായ പലരും തുടരുമെന്നും അര്‍ഹരായ പലരും പുറത്താവുമെന്നും പരാതികള്‍ ഉയരുന്നുണ്ട്. പതിനാറ് വര്‍ഷം മുമ്പ് സാമ്പത്തികമായി പിന്നാക്കമായിരുന്ന നല്ലൊരു ശതമാനം പേരുടെയും നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ജോലികള്‍ നേടിയവരും കച്ചവടത്തിലൂടെ സാമ്പത്തിക നില മെച്ചപ്പെട്ടവരുമൊക്കെ ഇഷ്ടം പോലെയുണ്ട്. എന്നിട്ടും ഇവരൊക്കെ ബി.പി. എല്‍ ആയി തുടരുകയാണ്.

മുന്‍ഗണനാ വിഭാഗമായി പരിഗണിക്കാന്‍ 30 മാര്‍ക്കാണ് ആകെ വേണ്ടത്. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ 20 മാര്‍ക്ക് ലഭിക്കും. ബാക്കി 10 മാര്‍ക്ക് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. കൃഷി പണി, കൂലിപ്പണി ചെയ്യുന്നവര്‍ക്ക് അഞ്ച് മാര്‍ക്ക് നല്‍കുന്നുണ്ട്. ടോയ്‌ലറ്റ് ഇല്ലാത്തവര്‍ക്കും കുടിവെളളം ഇല്ലാത്തവര്‍ക്കും അഞ്ച് വീതം മാര്‍ക്ക് നല്‍കുന്നു. കുടുംബത്തില്‍ 65 വയസിന് മുകളിലുള്ളവരുണ്ടെങ്കില്‍ അഞ്ച് മാര്‍ക്ക് ലഭിക്കും. ഭവന പദ്ധതി പ്രകാരം വീട് വെച്ചവര്‍ക്ക് 10 മാര്‍ക്കും നല്‍കുന്നു.

ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ അധികമായി വേണ്ട പത്ത് മാര്‍ക്ക് ലഭിക്കാന്‍ വലിയ പ്രയാസം ഇല്ലെങ്കിലും പട്ടികക്ക് പുറത്തുള്ളവര്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ വരികയെന്ന് ഭഗീരഥ പ്രയത്‌നമാണ്. കേവിഡ് മൂലവും മറ്റും ജോലി നഷ്ടപ്പെട്ട പ്രവാസികളുള്‍പ്പെടെയുള്ള ആയിരങ്ങള്‍ ബി.പി. എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണ്. എന്നാല്‍ പട്ടികയിലില്ലാത്തതിനാല്‍ ഇവരൊന്നും മുന്‍ഗണനയില്‍ വരില്ല.

മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കാന്‍ അപേക്ഷകര്‍ നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ്. 2009ലെ പട്ടിക അനുസരിച്ച് ബി.പി.എല്‍ ആയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുക മാത്രമാണ് സെക്രട്ടറിക്ക് ചെയ്ത് നല്‍കാനാവുക. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മാത്രം. അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍, വിവിധ സ്ഥിര സമിതി അധ്യക്ഷന്മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ എന്നിവര്‍ ഒപ്പിട്ട ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ നല്‍കുന്നതായും ഇവ ഒരിക്കലും സ്വീകരില്ലെന്നും പൊതുവിതരണ വകുപ്പ് അധികൃതര്‍ അറിയിക്കുന്നു.

Test User: