X

റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് പിന്നീട് മാറ്റാം, ആദ്യം ട്രെയിൻ അപകടങ്ങൾ കുറക്കൂ: യു.പി സർക്കാരിനെതിരെ അഖിലേഷ് യാദവ്

യു.പിയിലെ 8 റെയില്‍വേ സ്റ്റേഷനുകളുടെ പേര് സന്യാസികളുടേതാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വടക്കന്‍ റെയില്‍വേയിലെ ലഖ്നൗ ഡിവിഷനിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നത്.

റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റുന്നതിനുള്ള ശുഷ്‌കാന്തി ട്രെയിന്‍ അപകടങ്ങള്‍ തടയുന്നതിലും സ്റ്റേഷനുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാണിക്കണമെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘പേര് മാറ്റല്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഒഴിവ് കിട്ടുമ്പോള്‍, കുറച്ച് സമയമെടുത്ത് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന റെയില്‍വേ അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയെങ്ങനെ തടയാം എന്ന് ആലോചിക്കുക,’ അദ്ദേഹം എക്സില്‍ കുറിച്ചു. അമേഠി ജില്ലയിലെ 8 റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് അനുമതി നല്‍കിയ റെയില്‍വേ മന്ത്രാലയത്തിന്റെ സമീപകാല പ്രഖ്യാപനത്തിന് മറുപടിയായാണ് അദ്ദേഹം വിമര്‍ശനവുമായെത്തിയത്.

കാസിംപൂര്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ജെയ്സിറ്റി റെയില്‍വേ സ്റ്റേഷനെന്നും, മിസ്രൗളി സ്റ്റേഷന്‍ കാലികാന്‍ ധാം എന്നും അറിയപ്പെടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ നിഹാല്‍ഗര്‍ സ്റ്റേഷന്‍ മഹാരാജ ബിജിലി പാസിയെന്നും അക്ബര്‍ഗഞ്ച് സ്റ്റേഷന്‍ മാ അഹോര്‍വാ ധാം എന്നും ഫുല്‍സത്ത് ഗഞ്ച് തപേശ്വര രാജ് എന്നും അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച് തപേശ്വര്‍നാഥ് ധാം എന്നും മാറ്റി.

അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന മുന്‍ ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സ്റ്റേഷനുകളുടെ പേര് മാറ്റിയത്. പ്രമുഖ ഗുരു ഗോരഖ്നാഥ് ധാം ആശ്രമം ജെയ്സ് സ്റ്റേഷനു സമീപമായതിനാലാണ് സ്റ്റേഷന്റെ പേര് ആശ്രമത്തിന്റെ പേരില്‍ മാറ്റാന്‍ നിര്‍ദേശിച്ചതെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മിശ്രൗലി, ബാനി, അക്ബര്‍ഗഞ്ച്, ഫുര്‍സത്ഗഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം ശിവന്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെന്നും അതനുസരിച്ച് അവ പുനര്‍നാമകരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം കര്‍ഷകരും പാസികളുടെ ഗണ്യമായ ജനസംഖ്യയുള്ള പ്രദേശത്താണ് നിഹാല്‍ഗഡ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സമുദായത്തില്‍ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേരില്‍ സ്റ്റേഷന്റെ പേര് മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

webdesk13: