X

പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ എടുത്തുമാറ്റി പകരം ഭരണഘടന സ്ഥാപിക്കൂ; സമാജ്‌വാദി പാര്‍ട്ടി എം.പി ആര്‍.കെ. ചൗധരി

കഴിഞ്ഞ തവണ അധികാരത്തിലിരിക്കേ പാര്‍ലമെന്റില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ‘ചെങ്കോല്‍’ സ്ഥാപിച്ചതിനെതിരെ തുറന്നടിച്ച് സമാജ്‌വാദി പാര്‍ട്ടി എം.പി ആര്‍.കെ. ചൗധരി. ചെങ്കോല്‍ അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമന്‍ പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കര്‍ക്കും പ്രോടേം സ്പീക്കര്‍ക്കും നല്‍കിയ കത്തില്‍ ചൗധരി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മുന്‍ മന്ത്രി കൂടിയാണ് ചൗധരി.

രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും അധികാര ചിഹ്നമാണ് ചെങ്കോല്‍ എന്ന് ചൗധരി ചൂണ്ടിക്കാട്ടുന്നു. ‘ഭരണഘടനയോട് യഥാര്‍ഥമായ കൂറും വിശ്വാസവും പുലര്‍ത്തുമെന്നാണ് ഞാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, സ്പീക്കറു?ടെ ചെയറിന്റെ വലതു വശത്ത് ചെങ്കോല്‍ കണ്ട് എനിക്ക് അതിശയം തോന്നി. സര്‍, നമ്മുടെ ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിശുദ്ധമായ രേഖയാണ്. ചെങ്കോലാകട്ടെ, രാജാധിപത്യത്തിന്റെ സൂചകവും.

നമ്മുടെ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ, ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തി കുടുംബത്തിന്റെയോ കൊട്ടാരമല്ല. പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് ചെങ്കോല്‍ മാറ്റി പകരം ഭരണഘടനയുടെ ഭീമന്‍ പ്രതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു’ -ഇതായിരുന്നു ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തില്‍നിന്നുള്ള എം.പിയായ ചൗധരിയുടെ കത്തിലെ ഉള്ളടക്കം.

‘കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറാണ് സ്പീക്കറുടെ ചെയറിന് തൊട്ടടുത്തായി ചെങ്കോല്‍ സ്ഥാപിച്ചത്. ചെങ്കോല്‍ എന്നത് തമിഴ് വാക്കാണ്. അധികാരദണ്ഡ് എന്നാണ് അതിന്റെ അര്‍ഥം. രാജാക്കന്മാരുടെ കാലത്തുനിന്ന് സ്വാതന്ത്ര്യം നേടി നമ്മളിപ്പോള്‍ ജനാധിപത്യ രാജ്യമായിരിക്കുന്നു. ഇവിടുത്തെ സമ്മതിദാനാവകാശമുള്ള ഓരോ സ്ത്രീയും പുരുഷനുമൊക്കെ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സര്‍ക്കാറാണ് നാടു ഭരിക്കുന്നത്. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ അതോ രാജാവിന്റെ വടിയുടെ പിന്‍ബലത്തിലാണോ മുന്നോട്ടുപോകുന്നത്? -വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ചൗധരി ചോദിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറും ചൗധരിയുടെ വാദത്തെ പിന്തുണച്ചു. ‘ ചെങ്കോല്‍ എന്നത് രാജഭരണത്തിന്റെ പ്രതീകമാണെന്നത് വ്യക്തമാണ്. രാജഭരണമെല്ലാം എന്നേ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയുമാണ് നമ്മള്‍ ആഘോഷിക്കേണ്ടത്’ -ടാഗോര്‍ ചൂണ്ടിക്കാട്ടി. ആര്‍.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയും ഈ അഭിപ്രായം പങ്കുവെക്കുന്നു. ‘ആര് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു’.

അഞ്ചടി നീളമുള്ള, സ്വര്‍ണം പൂശിയ ‘ചെങ്കോല്‍’ രണ്ടാം മോദി സര്‍ക്കാറിന്റെ താല്‍പര്യാര്‍ഥം കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റിനകത്ത് സ്ഥാപിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെങ്കോല്‍ സ്ഥാപിച്ചതെന്നായിരുന്നു അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ വാദം. തമിഴ്‌നാട്ടില്‍നിന്നാണ് ചെങ്കോല്‍ സ്ഥാപിക്കാനായി കൊണ്ടുവന്നത്.

webdesk13: