X

ജെ.ഡി.യുവില്‍ പൊട്ടിത്തെറി; ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടര്‍ന്ന് ജെ.ഡി.യുവില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയില്‍. ബി.ജെ.പി മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു.

വിഷയവുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടാതായും സ്ഥാനമാറ്റം സംബന്ധിച്ച് കത്ത് കൈമാറിയെന്നും ജെ.ഡി.യു ബിഹാര്‍ പ്രസിഡന്റ് വഷിസ്ത നാരായണ്‍ അറിയിച്ചു.

നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്.

അതേസമയം, ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ രാഷ്ട്രീയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്‍.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ച ഷാ, ‘ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി എന്റെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ഞാന്‍ ക്ഷണിച്ചു’ എന്ന് ട്വിറ്ററില്‍ കുറിക്കുകയുമുണ്ടായി.

ബിഹാറില്‍ ജെഡിയു നിലവല്‍ ബി.ജെ.പിയുടെ സഖ്യത്തിലാണ് ഭരണം നടത്തുന്നത്. എന്നാല്‍ ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായിട്ടില്ല.

ബിഹാറില്‍ ബി.ജെപിക്കെതിരെ രൂപംകൊണ്ട മഹാസഖ്യം തകര്‍ത്താണ് ജെ.ഡി.യു ബിജെപിയെ കൂട്ടുപിടിച്ച് വീണ്ടും ഭരണത്തില്‍ എത്തിയത്. ആര്‍.ജെ.ഡിയുമായി പിരിഞ്ഞ നിതീഷിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് കൂടിയായ ശരദ് യാദവ് രംഗത്തെത്തുകയായിരുന്നു.

chandrika: