രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്തതനുസരിച്ച് കഴിഞ്ഞ രണ്ടു രാപ്പകലുകളായി നടന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കുത്തകാനുകൂല നയനിലപാടുകള്‍ക്കെതിരായ ജനങ്ങളുടെയാകെ പ്രതിഷേധമായാണ് പര്യവസാനിച്ചത്. കേരളവും തമിഴ്‌നാടും അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും അസമും ഹരിയാനയും പശ്ചിമബംഗാളും കാര്യമായിത്തന്നെ സമരത്തിന് അനുകൂലമായി പ്രതികരിച്ചതായാണ് അവിടങ്ങളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട്. വ്യവസായം, വൈദ്യുതി, ഗതാഗതം, സേവനം എന്നീ മേഖലകള്‍ ഏതാണ്ട് പൂര്‍ണമായി ഈ സംസ്ഥാനങ്ങളില്‍ സ്തംഭിച്ചു. അവശ്യ മേഖലകളായ ആസ്പത്രി, പാല്‍, പത്രം മുതലായ രംഗത്തുള്ളവര്‍ അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുമുണ്ടായി. പതിവുപോലെ കേരളത്തിലാണ് പണിമുടക്ക് പൂര്‍ണ ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ചത്. ജനങ്ങളെ പൊതുവില്‍ പരോക്ഷമായി ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന മോദി സര്‍ക്കാരിനെതിരെ കിട്ടിയഅവസരം പ്രയോജനപ്പെടുത്തുകയാണ് ജനം ചെയ്തത്. തൊഴിലാളികളാകട്ടെ അവരെ പ്രത്യക്ഷമായി ബാധിക്കുന്ന തൊഴില്‍ വേതന-സേവന വ്യവസ്ഥകളുടെ പേരിലാണ് പണിമുടക്കില്‍ അണിചേര്‍ന്നത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എസ്്.ടി.യു തുടങ്ങിയ സംഘടനകളില്‍പെടുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ അവരുടെ വര്‍ഷങ്ങളായുള്ള പരിദേവനമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. തീര്‍ച്ചയായും സര്‍ക്കാരിന് ഇതൊരു താക്കീതായി മാറിയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ബി.ജെ.പിയുടെയും വിശിഷ്യാ മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും നിലപാടുകള്‍ പരിഗണിക്കുമ്പോള്‍ അവര്‍ എത്രകണ്ട് ഈ മുന്നറിയിപ്പ് ഏറ്റെടുക്കുമെന്ന് കണ്ടറിയണം. കര്‍ഷകരുടെ ഒരു വര്‍ഷത്തോളം നീണ്ട പ്രക്ഷോഭം കാരണം മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിച്ച് തടിതപ്പേണ്ടിവന്ന കേന്ദ്ര സര്‍ക്കാര്‍ ഈയൊരു പണിമുടക്ക് കൊണ്ടുമാത്രം തങ്ങളുടെ കോര്‍പറേറ്റനുകൂല നയങ്ങളില്‍നിന്ന് പിന്മാറുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല.
നോട്ടുനിരോധത്തിന്‌ശേഷം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടുണ്ടാക്കല്‍ അഥവാ മോണറ്റൈസേഷന്‍ പദ്ധതി വഴി ലക്ഷക്കണക്കിന് കോടി രൂപ വിലവരുന്ന പൊതുമേഖലാസ്ഥാപനങ്ങളെയാണ് സ്വകാര്യമേഖക്ക് തീറെഴുതാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍.ഐ.സി, ബി.പി.സി.എല്‍ തുടങ്ങിയവ ഉദാഹരണം. കേന്ദ്ര പൊതുമേഖലയുടെ അഭിമാനമായിരുന്ന എയര്‍ഇന്ത്യ ഇതിനകം റ്റാറ്റായുടെ കൈകളിലായി. നാലു ലക്ഷംകോടി മിച്ചമുള്ളതാണ് എല്‍.ഐ.സി എന്നാലോചിക്കുമ്പോള്‍ അതിനെ വില്‍ക്കുന്നത് ഏത് താല്‍പര്യത്താലാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതേസമയംതന്നെയാണ് തൊഴിലാളികളുടെ സേവന വ്യവസ്ഥകളുള്‍ക്കൊള്ളുന്ന നിയമങ്ങള്‍ റദ്ദാക്കി ലേബര്‍ കോഡുകളെന്നപേരില്‍ അവരുടെമേല്‍ കാണാച്ചരടുകള്‍ അണിയിക്കുന്നത്. പുതുതായി കൊണ്ടുവന്ന അവശ്യ പ്രതിരോധസേവനനിയമം മറ്റൊരു കുരുക്കാണ്. കോവിഡ് കാലത്ത് പത്തു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ കുത്തകളുടെ പത്തുലക്ഷം കോടി രൂപയാണ് ബാങ്കു വായ്പകളില്‍നിന്ന് എഴുതിത്തള്ളിയത്. പെട്രോളിയം ഉത്പന്നങ്ങളും ഇന്‍ഷൂറന്‍സ് മേഖലയും ഇതിനകം കോടികളുടെ ലാഭകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇതിനെതിരെയാണ് തൊഴിലാളികളോടൊപ്പം കര്‍ഷകരും സാധാരണക്കാരുമെല്ലാം പ്രതികരിക്കുന്നത്.
അതേസമയം ഇത്തരത്തില്‍ രണ്ടു ദിവസം നീണ്ട ബന്ദ് സമാനമായ പണിമുടക്ക് നടത്തുന്നതിലെ സാംഗത്യം ചോദ്യംചെയ്യപ്പെട്ടതും കാണാതിരുന്നുകൂടാ. സംഘടിത തൊഴിലാളി വര്‍ഗം സമരങ്ങളുടെ ഗുണം ഏറ്റെടുക്കുകയും സാധാരണക്കാരും പാവങ്ങളും അതിന് ഇരയാകുകയും ചെയ്യുന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് പറയാനാവില്ല. മുമ്പ് പുത്തന്‍ സാമ്പത്തിക നയത്തിനെതിരെ പലതവണ ഭാരത്ബന്ദ് നടത്തിയ കമ്യൂണിസ്റ്റുകാര്‍ ഇന്ന് അതേനയം സ്വീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചത് മറക്കാനാവില്ല. ചൈനപോലും അത്തരത്തില്‍ നയംമാറ്റി. ഇവിടെയാണ് ശമ്പളം പറ്റിക്കൊണ്ട് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യം പ്രതിഷേധത്തിന് വിധേയമാകുന്നത്. ഇതിനെതിരെ കേരള ഹൈക്കോടതി നടത്തിയ വിധി പ്രസ്താവം ഈ രംഗത്തുള്ളവരുടെ കണ്ണുതുറപ്പിക്കണം. മുമ്പ് ബന്ദ് നിരോധിച്ചതും ഇതേ കോടതിയാണ്. പണിമുടക്കാനുള്ള അവകാശമുള്ളപ്പോള്‍തന്നെ തദ്ദിവസങ്ങളിലെ ശമ്പളം വേണ്ടെന്നുവെക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ ജീവനക്കാര്‍ കാണിക്കണം. അസംഘടിത തൊഴിലാളികളും വ്യാപാരികളും ബസ്, ടാക്‌സി മേഖലയിലുള്ളവരും കഠിന ത്യാഗം സഹിച്ചാണ് പണിമുടക്കില്‍ പങ്കെടുത്തതെന്നത് മറക്കരുത്. അതേസമയം ബലംപ്രയോഗിച്ച് വാഹനം തടയുകയും കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പഴയ പ്രവണത ഇതിനിടയിലും കാണാനിടയായി. പൊലീസ്- ഭരണകക്ഷി ഒത്താശയോടെ നടന്ന അക്രമങ്ങള്‍ തീര്‍ത്തും ജനാധിപത്യ-ജനവിരുദ്ധമാണ്. പണിമുടക്കിന്റെ ലക്ഷ്യത്തെതന്നെ ലംഘിക്കുന്നതും അതിന്റെ ശോഭകെടുത്തുന്നതുമായി ഇത്തരം കാടത്തങ്ങള്‍. അവയൊഴിച്ചാല്‍ വലിയൊരു സന്ദേശമാണ് തൊഴിലാളി വര്‍ഗം രാജ്യത്തെ ഭരണകൂടത്തിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. അതിനവരെ അഭിനന്ദിക്കാം.