X

ദുരന്തം ഓര്‍മപ്പെടുത്തുന്നത്-എഡിറ്റോറിയല്‍

കേരളത്തെ വീണ്ടും ഓര്‍മപ്പെടുത്തി ഇന്നലെ തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരണത്തിനിരയായി. ഭര്‍ത്താവും ഭാര്യയും മക്കളും അമ്മയുമടങ്ങുന്ന കുടുംബമാണ് നിനയ്ക്കാതെ വിധിക്കു കീഴടങ്ങിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം ഉരുള്‍പൊട്ടലിന്റെ രൂപത്തിലെത്തിയത്. രാത്രി പ്രദേശത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടായത്. മഴക്കെടുതിയുടെ ഭാഗമായ പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം കേരളത്തിന്റെ മണ്ണില്‍ വീണ്ടും ദുരന്തത്തിന്റെ തോരാത്ത കണ്ണീര്‍ പെയ്യിച്ചിരിക്കുകയാണ്. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ നാശം വിതച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ദുരിതം അനുഭവിക്കുകയാണ്. അമ്പുകുത്തി മലയ്ക്ക് സമീപം മലവയില്‍ തോട് കരകവിഞ്ഞതിനെതുടര്‍ന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളില്‍ വെള്ളം കയറി. വയലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വേഗത്തില്‍ വെള്ളം കയറുകയായിരുന്നു. കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികക്ക് സമീപത്തെ വനത്തിലാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് ഇരുപത്തി ഏഴാം മൈല്‍, പൂളക്കുറ്റി, ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയിറങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്‌നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാര്‍ കേളകം പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുന്‍പ് ഈ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രന്‍, രണ്ടര വയസുകാരി നുമ തസ്‌ലീന്‍ എന്നിവര്‍ മരിച്ചിരുന്നു. പ്രദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുള്‍പൊട്ടലുണ്ടായത്.

ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞാല്‍ മാത്രം ഉണരുകയും അത് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പ്രളയം വരുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഇത് തുടരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന് പകരം പ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയമായ മുന്‍കരുതലുകള്‍ എടുക്കുകയും പ്രകൃതി ചൂഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് മതിയാ യ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും വേണം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും 2018ല്‍ വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയില്‍ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നു പറയാം. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും 140 പേര്‍ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തെ അറിയിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് 2019ലും കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. 450ല്‍ അധികം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു.

ചുവപ്പും മഞ്ഞയും ഓറഞ്ചും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചാല്‍ അധികൃതരുടെ ഉത്തരവാദിത്തം അവസാനിച്ചോ? മുഖ്യമന്ത്രിയും പരിവാരങ്ങളും നെതര്‍ലാന്റില്‍പോയി പഠിച്ചതെന്തായിരുന്നു. കാര്‍മേഘമൊന്നു മൂടിക്കെട്ടിയാല്‍ മനസ്സില്‍ ഭയത്തിന്റെ നീര്‍തുള്ളികള്‍ ഉരുണ്ടുകൂടുന്ന നിരവധി കുടുംബങ്ങളുണ്ട് കേരളത്തില്‍. അവരെ സംരക്ഷിക്കേണ്ടവര്‍ ശീതീകരിച്ച മുറികളില്‍ ഉറങ്ങുമ്പോള്‍ വിധിക്ക് കീഴടങ്ങി, പ്രകൃതിയോട് മല്ലടിച്ച് ഉറക്കമൊഴിച്ചു കഴിയുന്ന പാവപ്പെട്ടവര്‍ നിരവധിയാണ്. ഇത്തരം ആളുകളെ കണ്ടെത്തി ദുരന്തമുണ്ടാകുന്നതിനുമുമ്പ് തന്നെ മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്. മാറ്റിപ്പാര്‍പ്പിക്കേണ്ടവരെ മാറ്റിപ്പാര്‍പ്പിക്കുകയും ഉറപ്പില്ലാത്ത വീടുകള്‍ ബലപ്പെടുത്തുകയും വേണം. മഴ കാരണം തൊഴിലിന് പോകാന്‍ സാധിക്കാത്തവരടക്കം ദുരന്തത്തിന് ഇരയായവര്‍ക്കെല്ലാം സൗജന്യ റേഷന്‍ വിതരണം ചെയ്യുകയും വേണം. ഭാവി തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ച ദുരന്തം അതിനുള്ള ഓര്‍മപ്പെടുത്തലായി തന്നെ കാണേണ്ടതുണ്ട്.

 

Test User: