X

ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തിന്റെ ശത്രുക്കള്‍

നൗഷാദ് മണ്ണിശ്ശേരി

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് 26 വര്‍ഷമാവുകയാണ്. 1992 ഡിസംബര്‍ 6 ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയവാദികളാല്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്‍മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത ആര്‍.എസ്.എസ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആദ്യം ചെയ്ത മഹാപാതകം മഹാത്മജിയെ കൊന്നുതള്ളുക എന്നതായിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. രാജ്യത്തെ യഥാര്‍ത്ഥ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ആ സംഭവത്തിന് ഇല്ല എന്നതിന് ഒരുപാട് തെളിവുകള്‍ നിരത്താന്‍ സാധിക്കും. സോമനാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നിന്ന് അയോധ്യയിലേക്ക് എല്‍ കെ അദ്വാനി ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി രഥയാത്ര നടത്തിയപ്പോള്‍ ആ രഥയാത്രയില്‍ പങ്കെടുത്തതും അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും സംഘപരിവാര പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. ആ രഥയാത്ര നയിച്ച അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പതുക്കെപ്പതുക്കെ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി നേതാക്കള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി എന്നതാണ് സത്യം. അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെ പോലെ തിരസ്‌കൃതനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.

അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ‘ കല്യാണ്‍ സിംഗ് ബി.ജെ.പി ഉപാധ്യക്ഷനും ഗവര്‍ണറുമൊക്കെ ആയെങ്കിലും രാഷ്ട്രീയമായി ഒരു മേല്‍ക്കയ്യും അദ്ദേഹത്തിന് ലഭിച്ചില്ല. ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷനു മുന്നില്‍ രഥയാത്രയില്‍ അദ്വാനിയെ അസിസ്റ്റ് ചെയ്തിരുന്ന അദ്വാനിയുടെ മരുമകള്‍ ഗൗരിഅദ്വാനി പറഞ്ഞത് എല്‍ കെ അദ്വാനിക്കൊ രഥയാത്രയുടെ മാനേജറായിരുന്ന നരേന്ദ്ര മോദിക്കോ യഥാര്‍ത്ഥത്തില്‍ രാമനെയൊ ലക്ഷ്മണനെയൊ എന്തിനേറെ ദൈവവിശ്വാസം പോലുമില്ല എന്നാണ്. ഗൗരി അദ്വാനി പറഞ്ഞ ഗൗരവതരമായ മറ്റൊരു കാര്യമുണ്ട്.

ഈ യാത്രക്കിടയില്‍ സംഘ്പരിവാറുകള്‍ പാരിതോഷികമായി നല്‍കിയിരുന്ന രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയുമൊക്കെ വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത കൊച്ചു വിഗ്രഹങ്ങള്‍ രഥയാത്ര അവസാനിച്ചതിനുശേഷം സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് ഉരുക്കി സ്പൂണും മുള്ളും ഭക്ഷണ പാത്രങ്ങളുമാക്കി മാറ്റി തന്റെ വീട്ടിലെ തീന്‍മേശയുടെ അലങ്കാരമാക്കി മാറ്റി അഡ്വാനി ഉപയോഗിച്ചു എന്നാണ്. ഭക്ത്യാദരപൂര്‍വ്വം തന്റെ അനുയായികള്‍ നല്‍കിയ വിഗ്രഹങ്ങള്‍ തന്റെ തീന്‍മേശയിലെ ഉപകരണങ്ങളാക്കി മാറ്റിയ അധ്വാനിക്കും അദ്വാനിയുടെ പാര്‍ട്ടിയായ ബിജെപിക്കും അയോധ്യ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. രാമന്‍ അവര്‍ക്ക് ദൈവമല്ല. അധികാരത്തിലേക്ക് കയറി വരാനുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ്. ശ്രീരാമ ജന്മഭൂമി അവര്‍ക്ക് വര്‍ഗീയമായ അജണ്ടയാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ ആയിരുന്നു ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബി.ജെ.പിയെ മഹാഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ തിരസ്‌കരിക്കുന്നതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം ബി.ജെ.പിയെ ജനങ്ങള്‍ മാറ്റിനിര്‍ത്തി. ഇതിനര്‍ത്ഥം ബാബരി മസ്ജിദ് തകര്‍ത്തതിനെ ഇന്ത്യയിലെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലെ. മഹാത്മജിയെ കൊന്നുതള്ളിയ അതെ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതും എന്നതായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും നിലപാട്. നരേന്ദ്രമോദി ഇസ്ലാമിന്റെയൊ മുസ്ലിംകളുടെയൊ മാത്രം ശത്രുവല്ല മതേതര ഇന്ത്യയുടെ ശത്രുവും മഹത്തായ ആര്‍ഷഭാരത സംസ്‌കൃതിയുടെ ആരാച്ചാരും കൂടിയാണ്. ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം 26 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞുപോയി അതിനിടയില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിച്ച കാലം ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ തവണ അടല്‍ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വര്‍ഗ്ഗീയതയുടെ മുടി അഴിച്ചാടിയ രൂപമായ നരേന്ദ്രമോദി നാലേമുക്കാല്‍ വര്‍ഷം രാഷ്ട്രത്തിന്റെ അധികാരത്തിലിരുന്നു.

പക്ഷേ ബാബരി അവര്‍ക്ക് ഒരു അജണ്ട ആയിരുന്നില്ല. ബാബരി മസ്ജിദിനെ കുറിച്ചുള്ള ചര്‍ച്ചകളോ ആ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വാദഗതികളോ ഇവിടെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഈ സമയത്ത് വീണ്ടും രാമജന്മഭൂമി അജണ്ട പൊടിതട്ടി എടുത്തിരിക്കുകയാണ്. അദാനിയുടെയും അംബാനിയുടെയും മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ അവരുടെ കയ്യിലുള്ള ആയുധമാണ് വര്‍ഗീയത. അതിനുള്ള എളുപ്പവഴിയാണ് ശ്രീരാമ ജന്മഭൂമി വിഷയം. ഇന്ത്യയിലെ സനാതന ഹിന്ദുക്കളുടെ വികാരത്തെ ആളിക്കത്തിച്ച് വോട്ടാക്കി മാറ്റി ഇനിയും അധികാരത്തിലിരിക്കാന്‍ കഴിയുമോ എന്നതിനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരായ ജാഗ്രത നമ്മള്‍ പാലിക്കേണ്ടതുണ്ട്.

chandrika: