കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബ് തിരുവനന്തപുരം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയായ സാനഡൂവില്‍ താമസിക്കവെയാണ് 1961 ഏപ്രില്‍ 17 ന് അദ്ദേഹം മരണമടയുന്നത്. ഏറെ നാളായി ഹൃദ്രോഗത്തിന് തിരുവനന്തപുരത്തെ പ്രശസ്തനായ ഡോ. പൈയുടെ ചികിത്സയിലായിരുന്നു. മരണ സമയത്ത് ഇളയസഹോദരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അലിസാഹിബ് അടുത്തുണ്ടായിരുന്നു. മൃതശരീരം പിന്നീട് സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോവുകയും അടുത്ത ദിവസം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അഴിക്കോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുകയുമായിരുന്നു. പള്ളിക്കരികെ ചേര്‍ന്ന അനുശോചന യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടംതാണുപിള്ള അധ്യക്ഷനായിരുന്നു. മന്ത്രിമാരായ പി.ടി ചാക്കോ, കെ.എ ദാമോദരമേനോന്‍, കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് പുറമേ മുസ്‌ലിംലീഗിന്റെ ഉന്നതനേതാക്കളായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള പ്രമുഖ കക്ഷി നേതാക്കള്‍ പങ്കെടുത്തിരുന്നതായി ഓര്‍ക്കുകയാണ്.
1957 ല്‍ നിലവില്‍ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചനസമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31ന് പിരിച്ചുവിടുകയും ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയുമാണുണ്ടായത്. അതിനുശേഷം 1960 ഫെബ്രുവരിയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അന്നു മുസ്‌ലിം ലീഗ് പി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്നു. 12 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗ് 11 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് മുന്നണി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ സി.പി.എം മുന്നണിക്ക് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
മന്ത്രിസഭ രൂപീകരണചര്‍ച്ച ഉടലെടുത്തപ്പോള്‍ മുസ്‌ലിം ലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിച്ചു. ഡല്‍ഹിയിലും കേരളത്തിലും മാറിമാറി ചര്‍ച്ചകള്‍ നടന്നുവെങ്കിലും പ്രശ്‌നപരിഹാരം നീളുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ ഉന്നത നേതാക്കളായ ഇസ്മായില്‍ സാഹിബും സീതിസാഹിബും കൂടിയാലോചിച്ച് എടുത്ത ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനത്തിന്റെ ഫലമായി സ്പീക്കര്‍ സ്ഥാനം സ്വീകരിച്ചുകൊണ്ട് മാറിനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടി യോഗം ചേര്‍ന്ന് കെ.എം സീതിസാഹിബിനെ സ്പീക്കറായി തിരഞ്ഞെടുക്കുകയും ചെയ്തു. 1960 മാര്‍ച്ച് 12 ന് നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുനിന്നുപോലും എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഏകകണ്ഠമായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പി.എസ്.പിയിലെ പട്ടംതാണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായിരുന്നു. സ്പീക്കര്‍ പദവിയിലെത്തിയ ശേഷം പതിമൂന്നുമാസം മാത്രം അധ്യക്ഷപദവിയിലിരിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ഏറ്റവും ജനകീയനായ സ്പീക്കര്‍ എന്ന ബഹുമതി എല്ലാ വിഭാഗങ്ങളില്‍ നിന്നും സീതിസാഹിബിന് ലഭിച്ചിരുന്നു.
സി.എച്ച് ഒരിക്കല്‍ തന്റെ രാഷ്ട്രീയ ഗുരുവിനെ പ്രകീര്‍ത്തിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘കേരള മുസ്‌ലിംകളുടെ സര്‍ സയ്യിദും മുഹമ്മദലിയും അല്ലാമ ഇഖ്ബാലുമെല്ലാം ‘സീതി’ എന്ന പദത്തില്‍ തന്നെ അടങ്ങിയിട്ടുണ്ട്’ എന്നായിരുന്നു. തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സീതിസാഹിബ് 1932ല്‍ 33-ാം വയസില്‍ അന്നത്തെ സര്‍വേന്ത്യാ മുസ്‌ലിം ലീഗിലേക്ക് കടന്നുവരികയും പിന്നീട് ആ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അവിശ്രമം പ്രവര്‍ത്തിച്ച പങ്കിനെക്കുറിച്ച് ഇന്നത്തെ യുവതലമുറ വേണ്ടുവോളം മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.