X

‘ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരുംകാലം നിങ്ങളുടേതല്ല’; സിപിഎം നേതൃത്വത്തിനെതിരെ പി കെ ശശി

സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ സിപിഎം നേതാവ് പി കെ ശശി.ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശശി എഴുതുന്നു.

‘ലോകത്തില്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ക്ക് ശക്തി നല്‍കുന്നതാവട്ടെ പുതിയ വര്‍ഷം. ഒരു കയ്യില്‍ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യില്‍ പോരാട്ടത്തിന്റെ മിഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന പലസ്തീന്‍ പോരാളികളാണ് നമുക്ക് ആവേശം നല്‍കേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക. വരും കാലം നിങ്ങളുടേതല്ല. ഏവര്‍ക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍!’. സി.പി.എമ്മില്‍ അച്ചടക്ക നടപടി വന്നശേഷം ആദ്യമായാണിത്തരം പരസ്യപ്രതികരണ?വുമായി ശശി രംഗത്തെത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2025. എല്ലാവര്‍ക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തന്‍ അനുഭൂതികളുടെ വര്‍ഷമായിത്തീരട്ടെ പുതുവര്‍ഷം. 2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും. സന്മനസ്സുള്ളവര്‍ക്ക് സമാധാനം കിട്ടുന്ന പുതിയ വര്‍ഷത്തെ ആവേശത്തോടെ നമുക്ക് വരവേല്‍ക്കാം. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

ഒന്നിന്റെ മുന്‍പിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓര്‍ക്കുക. വിശ്വകവി ടാഗോറിന്റെ വരികള്‍ കടമെടുക്കട്ടെ. ‘എവിടെ നിര്‍ഭയമാകുന്നു മാനസം, അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം’

ലോകത്തില്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ക്ക് ശക്തി നല്‍കുന്നതാവട്ടെ പുതിയ വര്‍ഷം. ഒരു കയ്യില്‍ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യില്‍ പോരാട്ടത്തിന്റെ മിഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന പലസ്തീന്‍ പോരാളികളാണ് നമുക്ക് ആവേശം നല്‍കേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓര്‍ക്കുക. വരും കാലം നിങ്ങളുടേതല്ല. ഏവര്‍ക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍

webdesk13: