X
    Categories: Health

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിര്‍ പുറത്ത്

കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മരണ നിരക്കോ, വെന്റിലേഷന്‍ ആവശ്യകതയോ, രോഗമുക്തിക്കെടുക്കുന്ന സമയോ കുറയ്ക്കാന്‍ റെംഡെസിവിര്‍ കാര്യമായ സംഭാവന നല്‍കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഈ മരുന്ന് വിലക്കിയത്. കോവിഡ്19 ചികിത്സയ്ക്കുള്ള മരുന്നുകളുടെ പ്രീക്വാളിഫിക്കേഷന്‍ പട്ടികയില്‍ നിന്നും ഡബ്യുഎച്ച്ഒ വിദഗ്ധ പാനല്‍ റെംഡെസിവിറിനെ നീക്കം ചെയ്തു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നടത്തിയ സോളിഡാരിറ്റി പരീക്ഷണത്തിലാണ് റെംഡെസിവിര്‍ കാര്യമായ സ്വാധീനം കോവിഡ് രോഗികളില്‍ ചെലുത്തുന്നില്ലെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കോവിഡ് രോഗികളിലെ അടിയന്തിര ഉപയോഗത്തിന് റെംഡെസിവിര്‍ ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചത് മെയ് 1നാണ്. ഒക്ടോബറില്‍ കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലും റെംഡെസിവിര്‍ ഉപയോഗിച്ചു. വില കൂടിയ ഈ മരുന്ന് ഞരമ്പിലൂടെയാണ് രോഗിക്ക് നല്‍കുന്നത്.

എന്നാല്‍ ലോകാര്യോഗ സംഘടനയുടെ സോളിഡാരിറ്റി ട്രയല്‍ കണ്ടെത്തലുകളെ മരുന്ന് നിര്‍മാതാക്കളായ ഗിലിയഡ് സയന്‍സസ് നിരാകരിക്കുന്നു. മുന്‍പ് നടന്ന സ്വതന്ത്ര പഠനങ്ങളുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ് ഡബ്യുഎച്ച്ഒ പഠനമെന്നും കമ്പനി പറയുന്നു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം നിരാശാജനകമാണെന്നും കമ്പനി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

Test User: