നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ആര്‍.ബിന്ദു നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. നിയമസഭയില്‍ വെറുതെ പോയി ഇരുന്നതല്ലെന്നും എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
പാലക്കാട് ജനത വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഒന്നാം നിര ആരുടെയും തറവാട് വകയല്ലെന്നും നല്‍കിയ ജനങ്ങള്‍ക്ക് അത് തിരിച്ചെടുക്കാന്‍ അറിയാമെന്നും ഷാഫി പറമ്പില്‍ സൂചിപ്പിച്ചു.
സിപിഎമ്മും ബിജെപിയും ഒരുമിച്ചുള്ള കച്ചവടം ആണ് കൊടകരയെന്നും സുരേന്ദ്രനെ പിണറായി വിജയനും തൊടില്ല, ഇഡിയും തൊടില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ഒരു ഔന്നത്യവും കാണിക്കാത്ത ആളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.